കോട്ടയം: കടകളിൽ റേഷൻ മണ്ണെണ്ണ എത്തിക്കണമെന്ന നിലപാടിൽ റേഷൻ കട ഉടമകളുടെ സംഘടന അയവുവരുത്തിയെങ്കിലും മൊത്ത വ്യാപാര വിതരണക്കാർ ഇല്ലാത്തതിനാൽ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ ലഭിക്കുന്നത് വൈകും. വൈക്കം, മീനച്ചിൽ താലൂക്കുകളിൽ മാത്രമേ ഹോൾസെയിൽ കടകളുള്ളൂ. ചങ്ങനാശേരി കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കു പുറമേ 243 കടകളുള്ള കോട്ടയം താലൂക്കിൽ മണ്ണെണ്ണ മൊത്ത വിതരണ കട ഇല്ല. ചന്തക്കടവിൽ കട വീണ്ടും തുറക്കുന്ന കാര്യം തീരുമാനമായെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നീളുകയാണ്.
ഒരു ക്വാർട്ടറിൽ പിങ്ക് കാർഡുകൾക്ക് അര ലിറ്ററും മറ്റുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണയുമാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. ഏപ്രിൽ - ജൂൺ ക്വാർട്ടറിലേക്ക് കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ ഇനിയും ലഭിച്ചിട്ടില്ല. ഇത് റദ്ദാക്കുന്നില്ലെങ്കിൽ ജൂലായ് - സെപ്തംബർ ക്വാർട്ടറും കൂടി ചേർത്ത് മഞ്ഞ കാർഡ് ഉടമകൾക്ക് രണ്ടു ലിറ്ററും മറ്റുള്ളവർക്ക് ഒരു ലിറ്ററും ലഭിച്ചേക്കും .
അവസാനം വിതരണത്തിന് കിട്ടുന്നവർക്ക് നഷ്‌ടം
ഏതു കടയിൽ നിന്നും റേഷൻ സാധൻങ്ങൾ വാങ്ങാമെന്നതിനാൽ ആദ്യം മണ്ണെണ്ണ വരുന്ന കടകളിലേക്ക് കാർഡ് ഉടമകൾ പോകും. റേഷൻ അരിയും മറ്റും അവിടെ നിന്നു വാങ്ങിയാൽ അവസാനം വിതരണത്തിന് കിട്ടുന്ന മറ്റു പല കടകളിലും കച്ചവടം ഇല്ലാതാകും. ഇത് സാമ്പത്തികമായി തങ്ങളെ തകർക്കുമെന്നാണ് റേഷൻ കട ഉടമകൾ പറയുന്നത്.
68 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണ വില.ലിറ്ററിന് ആറ് രൂപയാണ് റേഷൻ കടഉടമകളുടെ കമ്മീഷൻ .
അതീവ സുരക്ഷ വേണ്ടതിനാൽ മണ്ണെണ്ണ പ്രത്യേക ടാങ്കറിൽ കടകളിൽ എത്തിക്കണം. ഇതിന് ചെലവ് കൂടുതലാണ്. ആറു രൂപ കമ്മീഷൻ മതിയാകില്ല. വീപ്പകളിലാക്കി മറ്റു വാഹനങ്ങളിൽ കൊണ്ടു വന്നാൽ കട ഉടമ പിഴ അടക്കേണ്ടി വരും. ഈ വിഷയം കോടതിയിൽ എത്തിയിരുന്നു. റേഷൻ കാർഡ് ഉടമകളെ കരുതി അസോസിയേഷൻ വിട്ടു വീഴ്ചക്കു തയ്യാറായി മൊത്തവിതരണ കടകളിൽ നിന്ന് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. മാസങ്ങളായി മണ്ണെണ്ണവിതരണം ഇല്ലാതിരുന്നതിനാൽ ഈ കടകൾ അടച്ചു പൂട്ടി. ഇനി തുറക്കണം.
എല്ലാ കടകളിലും ഒരു പോലെ മണ്ണെണ്ണ എത്തുന്നില്ലെങ്കിൽ അവസാനം വിതരണത്തിന്കിട്ടുന്ന കടക്കാർക്ക് നഷ്ടം വരും.
കെ.കെ. ശിശുപാലൻ
(റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |