മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ ഈ വർഷം ജില്ലയിൽ പൊലിഞ്ഞത് നാല് ജീവനുകൾ. ഇതിൽ രണ്ടുപേർ സ്ത്രീകളാണ്. മൂന്ന് ആക്രമണങ്ങൾ നിലമ്പൂരിലെ വനപ്രദേശത്തും ഒന്ന് ചാത്തല്ലൂരിലെ ജനവാസപ്രദേശത്തുമാണ് സംഭവിച്ചത്. ഒതായി കിഴക്കേ ചാത്തല്ലൂരിൽ ഇന്നലെ രാവിലെ 11ഓടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ വീടിന് സമീപത്ത് വച്ച് പാട്ടീരി കല്യാണി (64) മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ കാട്ടാന പ്രദേശത്തുണ്ട്. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വലിയ കൃഷിനാശം ഉണ്ടാക്കിയിരുന്നു. ഇതോടെ ആർ.ആർ.ടി സംഘം പ്രദേശത്തെത്തി ആനയെ തുരത്താനുള്ള ശ്രമങ്ങളിലായിരുന്നു. ജില്ലയിലെ മലയോര മേഖലയിൽ കാട്ടാനയുടെ ആക്രമണം വർദ്ധിച്ചിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് തുവ്വൂർ ഇരിങ്ങാട്ടിരിയിൽ മൂന്ന് കാട്ടാനകൾ റോഡിലിറങ്ങി വാഹനങ്ങൾക്ക് നേരെ തിരിഞ്ഞു പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. നിർദ്ദിഷ്ട ഗ്രീൻ ഫീൽഡ് പാത കൂടിയാണിത്. ഇവിടെ കാട്ടാന ശല്യം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജനുവരിന് അഞ്ചിനാണ് കാട്ടാന ആക്രമണത്തിൽ ആദ്യ മരണമുണ്ടായത്. കരുളായി മാഞ്ചീരി പൂച്ചപ്പാറ മണി (35) കൊല്ലപ്പെട്ടു. മകൻ അഞ്ച് വയസുകാരൻ മനു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്രിസ്‌മസ് അവധി കഴിഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി പൂച്ചപ്പാറയിലേക്ക് മടങ്ങവേ കണ്ണികൈക്ക് സമീപം വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പത്ത് ദിവസത്തിന് ശേഷം മുത്തേടം ഉച്ചക്കുളത്ത് ആടിനെ പോറ്റാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട സരോജിനി (52) കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂണിൽ പോത്തുകല്ല് വാണിയമ്പുഴയിൽ വിറക് ശേഖരിക്കാനായി വനത്തിൽ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ട ബില്ലിയും (57) മരിച്ചു. കാട്ടാന ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് തടയുന്നതിനായി സൗരോർജ്ജ വേലിയുടെ നിർമ്മാണം വേഗത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം. നിലമ്പൂർ താലൂക്കിലെ 27.363 കിലോമീറ്റർ സ്ഥലത്ത് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നതിന് കൃഷി വകുപ്പും വനം വകുപ്പും സംയുക്ത ധാരണയായിട്ടുണ്ട്.
മുന്നറിയിപ്പ് നൽകിയില്ല
ചാത്തല്ലൂരിലെ ജനവാസപ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിന് മുന്നോടിയായി ഫോറസ്റ്റ് അധികൃതർ ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന ആരോപണമുണ്ട്. രാവിലെ 10.30ഓടെ വാർഡ് മെമ്പർ പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇക്കാര്യം അറിയിച്ചു.11 മണിയോടെയാണ് കല്യാണിക്ക് നേരെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെ വച്ച് കാട്ടാനയുടെ ആക്രണമുണ്ടായത്.
വീടിന് സമീപത്തുള്ള കമ്പിക്കയം എന്ന വെള്ളച്ചാട്ടത്തിൽ കുളിക്കാൻ കുട്ടികൾ പോയതറിഞ്ഞ് ഇവരെ തിരികെ വിളിക്കാൻ പോയതായിരുന്നു.
ഇതേസമയം മലയുടെ മുകളിൽ നിന്ന് താഴേക്ക് ആനയെ തുരത്താനുള്ള ശ്രമങ്ങളിലായിരുന്നു ഫോറസ്റ്റ് അധികൃതർ. ഇക്കാര്യം അറിയാതെ ഇതുവഴി വന്ന കല്യാണി ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.
മൂന്ന് വർഷം മുമ്പ് സമീപപ്രദേശത്തെ ആദിവാസി കോളനിയിൽ ഒരാൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |