വാഷിംഗ്‌ടൺ: ഇന്ത്യയ്‌ക്കെതിരെ പുതിയ വിമർശനവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോ. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് വിമർശനം. ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും അത് നിർത്തണമെന്നും ട്രോഡ് ആന്റ് മാനുഫാക്‌ചറിംഗ് സീനിയർ കൗൺസിലർ കൂടിയായ നവാരോ പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായും സഹകരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ ലളിതമായി പറയാം. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസിലാക്കുക. ബ്രാഹ്മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്‌ത് ലാഭം കൊയ്യുന്നു. നമ്മൾ അത് അവസാനിപ്പിക്കണം ' - ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.
ഉയർന്ന താരിഫ് ചുമത്തിയതിന് പിന്നാലെ യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നവാരോ ഇന്ത്യയെ ലക്ഷ്യമിട്ട് തുടർച്ചയായി വിവാദ പ്രസ്‌താവനകൾ നടത്തുന്നുണ്ട്.
'നിലവിൽ ഇന്ത്യയ്‌ക്ക് മേൽ 50 ശതമാനം താരിഫുണ്ട്. എന്നാൽ, ചൈനയ്‌ക്ക് മേൽ 50 ശതമാനത്തിലും കൂടുതലുണ്ട്. എന്താണ് സംഭവിച്ചത്? റഷ്യൻ റിഫൈനറികൾ ഇന്ത്യയിലെ വൻകിട എണ്ണക്കമ്പനികളുമായി കൈകോർത്തു. മോദിക്ക് ക്രൂഡ് ഓയിലിൽ പുതിൻ ഇളവ് നൽകുന്നു. അവർ അത് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും വലിയ പ്രീമിയത്തിന് കയറ്റി അയക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു ' - നവാരോ പറഞ്ഞു. നേരത്തേ യുക്രെയിൻ യുദ്ധത്തെ 'മോദിയുടെ യുദ്ധം' എന്നും 'സമാധാനത്തിലേക്കുള്ള പാത ഇന്ത്യയിലൂടെയാണ് കടന്നുപോകുന്നതെന്നും' തുടങ്ങിയ പരാമർശങ്ങൾ പീറ്റർ നവാരോ നടത്തിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |