മുംബയ്: സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാതിരുന്ന വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ശേഷം ഏകദിനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യൻ താരം നിലവിൽ കുടുംബത്തോടൊപ്പം യുകെയിലാണ്.
രോഹിത് ശർമ്മയും കെ എൽ രാഹുലും ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ബംഗളൂരുവിൽ ഫിറ്റ്‌നസ് ടെസ്റ്റിനായി വീണ്ടും ഒത്തുചേർന്നപ്പോൾ, പ്രത്യേക ഇളവനുവദിച്ചതിനെത്തുടർന്ന് വിരാട് തന്റെ ഫിറ്റ്നസ് ടെസ്റ്റുകൾ ലണ്ടനിലാണ് പൂർത്തിയാക്കിയത്. ഇപ്പോഴിതാ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നതിനിടെയാണ് വിരാട് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ മൂന്ന് വാക്കുകളുള്ള ഒരു പോസ്റ്റ് പങ്കുവച്ചത്. ചിത്രത്തിനൊപ്പം ഇപ്പോൾ കുറച്ച് സമയമായി എന്നാണ് കൊഹ്‌ലി കുറിച്ചത്.
പോസ്റ്റ് ചെയ്ത് 15 മണിക്കൂറിനുള്ളിൽ ഒമ്പത് മില്യണിലധികം ലൈക്കുകളാണ് വിരാടിന്റെ ചിത്രത്തിന് ലഭിച്ചത്. പോസ്റ്റിൽ താരം അനുഷ്‌കയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് പങ്കുവച്ചത്. ഏറെ ചർച്ചാവിഷയമായ അദ്ദേഹത്തിന്റെ നരച്ച താടിയും ചിത്രത്തിൽ വ്യക്തമായി കാണാമായിരുന്നു.
2025 ഐപിഎൽ സീസണിലായിരുന്നു താരം അവസാനമായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ട് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചിട്ടും അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം ശക്തമായി തുടരുന്നു. 2025ലെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സെലിബ്രിറ്റി ബ്രാൻഡ് മൂല്യങ്ങളുടെ പട്ടികയിൽ വിരാട് കൊഹ്ലി ഒന്നാം സ്ഥാനത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, നിലവിലെ ഏഷ്യാ കപ്പിൽ വിരാട് കൊഹ്‌ലിയുടെ റെക്കോർഡ് ഇന്ത്യയുടെ ഓപ്പണറായ അഭിഷേക് ശർമ്മ മറികടക്കാൻ സാദ്ധ്യതയുണ്ട്. മൾട്ടിനേഷൻ ട്വന്റി 20 ടൂർണമെന്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് (2014-ലെ ട്വന്റി20 ലോകകപ്പിൽ നേടിയ 319 റൺസ്) തകർക്കുന്നതിന്റെ വക്കിലാണ് അഭിഷേക് ശർമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |