
തിരുവനന്തപുരം: വി.സി നിയമനങ്ങളിൽ ഗവർണറുമായി സർക്കാർ സമവായമുണ്ടാക്കിയത് സർവകലാശാലകളുടെ ഭാവിയെക്കരുതിയെന്ന് മന്ത്രി ആർ.ബിന്ദു. വി.സി നിയമനത്തിലെ അനിശ്ചിതാവസ്ഥ അനന്തമായി നീണ്ടുപോവാതിരിക്കാനാണ് അനുരഞ്ജനം. സംസ്ഥാനത്തിന്റെ താത്പര്യം മുൻനിറുത്തിയും ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങൾക്കുതുടർച്ച ഉണ്ടാവണമെന്നും കണ്ടാണ് ഈ തീരുമാനമെന്നും പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമോ അതൊക്കെയുണ്ടായി. സുപ്രീംകോടതിയുടെ കൂടി നിർദ്ദേശം പരിഗണിച്ചാണ് അനുരഞ്ജനത്തിലെത്തിയത്. ആദ്യം താനും മന്ത്രി പി.രാജീവും കൂടി ഗവർണറെ കണ്ടു. കൂടിക്കാഴ്ച എങ്ങുമെത്താതെ അവസാനിച്ചു. മുഖ്യമന്ത്രിയാണ് സംസാരിക്കേണ്ടതെന്ന് ഗവർണർ സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടായി. മറ്റു സർവകലാശാലകളിലും സമവായത്തോടെ മുന്നോട്ടു പോവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു കൂടി കണ്ടാണ് ഇപ്പോഴത്തെ അനുരഞ്ജനം- മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |