
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷനായി 60 തസ്തികകൾ സർക്കാർ സൃഷ്ടിച്ചതോടെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടുതൽ കാര്യക്ഷമമാകുമെന്ന് പ്രതീക്ഷ. പ്രൊഫസർ 14,അസോസിയേറ്റ് പ്രൊഫസർ 7,അസിസ്റ്റന്റ് പ്രൊഫസർ 39 എന്നിങ്ങനെയാണ് തസ്തികകൾ.ഇന്നലെ നടന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകി.
അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവർത്തനങ്ങൾ എന്നിവയുടെ ഏകോപനത്തിനായി മൂന്നുവർഷം മുമ്പാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. 2022 ജൂലായ് 25ന് കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. നടപടികൾ പൂർത്തിയാക്കി ഇപ്പോഴാണ് തസ്തിക സൃഷ്ടിക്കാനായത്. ആദ്യ ഘട്ടത്തിൽ താത്കാലികമായി കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് ട്രാൻസ്‌പ്ളാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഒന്നാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നതിന് 643.88 കോടി രൂപയാണ് അനുവദിച്ചത്. ഒന്നാം ഘട്ടത്തിൽ 330 കിടക്കകളും 10 ഓപ്പറേഷൻ തീയേറ്ററുകളും രണ്ടാം ഘട്ടത്തിൽ 180 കിടക്കകളും 6 ഓപ്പറേഷൻ തീയേറ്ററുകളും സജ്ജമാക്കും. ആദ്യ ഘട്ടത്തിൽ 14സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ 7 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുമുണ്ടാകും. 31 അക്കാഡമിക് കോഴ്സുകളും ആരംഭിക്കും. അവയവങ്ങൾക്ക് തകരാർ വന്നവരുടെ ചികിത്സ മുതൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പുനരധിവാസവും സമഗ്ര പരിചരണവുംവരെ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പാക്കും.
അവയമാറ്റത്തിന് കരുത്തേകും!
കോർണിയ,വൃക്ക,കരൾ,കുടൽ,പാൻക്രിയാസ്,ഹൃദയം,ശ്വാസകോശം,മജ്ജ,സോഫ്റ്റ് ടിഷ്യൂ,കൈകൾ, ബോൺ മാറ്റിവയ്ക്കൽ തുടങ്ങിയവയെല്ലാം സെന്ററിലൂടെ സാദ്ധ്യമാകും. സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടക്കുന്നുണ്ടെങ്കിലും എല്ലാ അവയവങ്ങളും എല്ലായിടത്തും മാറ്റിവയ്ക്കുന്നില്ല.
അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉൾപ്പെടെ സജ്ജമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നത്. വിദഗ്ദ്ധ പരിശീലനം നേടിയ ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന പ്രത്യേക സ്ഥാപനമായിരിക്കും ഇത്.
-വീണാജോർജ്
ആരോഗ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |