
കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ സി.പി.എം പ്രവർത്തകൻ വിപിൻ രാജിന്റെ (26) കൈപ്പത്തി തകർന്നത് ഉഗ്ര സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണെന്ന് ആദ്യം വിലയിരുത്തിയ പൊലീസ് എഫ്.ഐ.ആറിൽ മലക്കം മറിഞ്ഞു. പടക്കമാണെന്നാണ് പിണറായി പൊലീസ് സ്റ്റേഷൻ തയ്യാറാക്കിയ എഫ്.ഐ.ആർ.
പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഉച്ചയ്ക്ക് രണ്ടോടെ കനാൽക്കരയിൽ പടക്കം പൊട്ടി ഒരാൾക്ക് പരിക്കേറ്റതായി വിവരം ലഭിച്ചു. സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നുമാണ് എഫ്.ഐ.ആറിൽ. സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്ന കുറ്റമാണ് വിപിൻ രാജിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിപിൻ രാജിന്റെ വലത് കൈപ്പത്തിയിലെ മൂന്ന് വിരലുകൾ അറ്റുപോയിരുന്നു. പ്രഷിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവച്ച് ഓലപ്പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ അപകടമുണ്ടായെന്നാണ് വിപിൻ രാജ് ആശുപത്രിയിലും പൊലീസിലും മൊഴി നൽകിയത്.
എന്നാൽ, റീൽസ് എടുക്കുന്നതിനിടെ പടക്കം കൈയിലെടുത്ത് പരിശോധിച്ചപ്പോൾ പൊട്ടിത്തെറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. ഇക്കാര്യത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
പൊട്ടിയത് ക്രിസ്മസ്
പടക്കമെന്ന് ഇ.പി
പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്നും ക്രിസ്മസ് -പുതുവത്സരാഘോഷത്തിനായി നിർമ്മിച്ച പടക്കമാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. നാട്ടിൻപുറങ്ങളിൽ ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അല്പം മുറുകിയാൽ സ്‌ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. ഇതിനെ ബോംബ് സ്‌ഫോടനമായും അക്രമത്തിനുള്ള തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർക്കരുതെന്നും പറഞ്ഞു.
''തിരഞ്ഞെടുപ്പ് പരാജയത്തിൽ വിറളിപ്പൂണ്ട സി.പി.എം നാടാകെ അക്രമം അഴിച്ചുവിടാൻ വ്യാപകമായി ബോംബ് നിർമ്മിക്കുകയാണ്
-സണ്ണി ജോസഫ്,
കെ.പി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |