
കൊല്ലം: പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ എം. നവാസിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇതേ സ്റ്റേഷനിലെ വനിത സി.പി.ഒ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി എ.സി.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം 6ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
പാറാവ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരി വിശ്രമ മുറിയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പുരുഷന്മാരുടെ വിശ്രമമുറിക്ക് സമീപം നിന്ന നവാസ് ലൈംഗിക ചുവയോടെ സംസാരിച്ചശേഷം കടന്നുപിടിച്ചു എന്നാണ് പരാതി. വനിതാ ഉദ്യോഗസ്ഥ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു.
സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവും നവാസിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കേസിൽ രണ്ടു മാസത്തിനകം കുറ്റാരോപണ പത്രിക തയ്യാറാക്കാൻ കമ്മിഷണർ ശക്തികുളങ്ങര എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകി.
ഏഴുമാസം മുമ്പാണ് നവാസ് ആലപ്പുഴ ജില്ലയിൽ നിന്ന് നീണ്ടകര കോസ്റ്റൽ സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ എത്തിയത്. യു.ഡി.എഫ് ഭരണകാലത്ത് കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |