
കൊച്ചി: ''മകൻ കൊണ്ടുപോകാൻ വരും. ഞാൻ ഇവിടെ നിന്ന് വരില്ല''- സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ എത്തിയ സന്നദ്ധ പ്രവർത്തകരോട് കൊച്ചി നഗരത്തിലെ ഒരു ആരാധനാലയത്തിന് മുന്നിൽ കണ്ടെത്തിയ 80കാരി പറഞ്ഞു. ആ വാശിക്ക് മുന്നിൽ മുട്ടുമടക്കാനേ സന്നദ്ധപ്രവർത്തകർക്ക് കഴിഞ്ഞുള്ളൂ. മൂന്ന് ദിവസം കഴിഞ്ഞ് തീരെ അവശയായപ്പോഴാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ 50 ദിവസത്തിനിടെ കൊച്ചിയിൽ നിന്ന് ഇപ്രകാരം അഗതിമന്ദിരത്തിൽ എത്തിച്ചത് 35 പേരെയാണെന്ന് സന്നദ്ധ പ്രവർത്തകനായ തെരുവോരം മുരുകൻ സാക്ഷ്യപ്പെടുത്തുന്നു.
പ്രതീക്ഷയില്ലാതെ 'പ്രത്യാശ'
ജില്ലയിൽ സൗത്ത്, നോർത്ത്, ആലുവ റെയിൽവേ സ്റ്റേഷനുകൾ, ഇടപ്പള്ളി പള്ളി, സെന്റ് ആന്റണീസ് പള്ളി, ചോറ്റാനിക്കര ക്ഷേത്രം, ആലുവ ശിവക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്നാണ് 35 പേരെ രക്ഷിച്ചത്. ഏറെയും അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് മനോദൗർബല്യമുള്ളവരെ കയറ്റിവിടുന്നത് പതിവാണ്. പല ട്രെയിനുകളുടെയും യാത്ര അവസാനിക്കുന്നത് കേരളത്തിലായതിനാൽ കയറ്റിവിടുന്നവർ ഏറെയും കൊച്ചിയിലടക്കം എത്തപ്പെടുന്നു.
നാട്ടുകാരോ യാത്രക്കാരോ അറിയിക്കുമ്പോഴാണ് പൊലീസും സന്നദ്ധപ്രവർത്തകരുമെത്തി ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.
നട തള്ളപ്പെടുന്നവരെ സ്വന്തം നാടുകളിലെത്തിക്കാൻ സർക്കാരിന് 'പ്രത്യാശ' എന്ന പദ്ധതിയുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ സഹായമില്ലാത്തത് പലപ്പോഴും തിരിച്ചടിയാകുന്നു.
മലയാളികൾ കുറവാണ്. എങ്കിലും നടതള്ളപ്പെടുന്നവർ ഏറെയും തീരെ അവശരായവരും മാനസിക പ്രശ്നമുള്ളവരുമാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ സ്ത്രീകളും ഒരാൾ പുരുഷനുമായിരുന്നു. ഇവർ നടക്കാൻ പോലും പ്രയാസപ്പെട്ടിരുന്നു
തെരുവോരം മുരുകൻ
ടൂറിനിടെ കാലിന് പരിക്ക്; ഉപേക്ഷിച്ച് കടന്നു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കാലിന് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വയോധികയുടെ കഥ ആരുടെയും കണ്ണ് നിറയിക്കും. ബന്ധുക്കൾക്കൊപ്പം ടൂർ വന്നതായിരുന്നു ഇവർ. യാത്രയ്ക്കിടെ കാലിന് പരിക്കേറ്റ് നടക്കാൻ കഴിയാതെയായി. ഒപ്പമുണ്ടായിരുന്നവർക്ക് മറ്റ് സ്ഥലങ്ങൾ കാണാൻ പോകാനുണ്ടായിരുന്നതിനാൽ ഇവരെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുവത്രേ. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് തെരുവോരം മുരുകന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിലാക്കി. തുടർന്ന് വിവരങ്ങൾ ശേഖരിച്ച് തമിഴ്‌നാട്ടിലെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് ബന്ധുക്കൾക്കൊപ്പം ടൂർ പോയതാണെന്നും കൊച്ചിയിൽ വച്ച് കാണാതായതാണെന്നുമുള്ള വിവരം വീട്ടുകാർ പറഞ്ഞത്. ഇവരെ പിന്നീട് വീട്ടിലെത്തിച്ചതായി മുരുകൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |