
ശബരിമല: കോടികളുടെ വരുമാനം ലഭിച്ച ശബരിമലയിൽ ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ ആളില്ലാത്തതിനാൽ മലപോലെ കുന്നുകൂടി. ദേവസ്വം ജീവനക്കാരുടെ അഭാവമാണ് കാരണം. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ സന്നിധാനത്തെ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ നിന്ന് പത്ത് താത്കാലിക ജീവനക്കാരെ നാണയം എണ്ണാൻ ഭണ്ഡാരത്തിലേക്ക് അയ്ക്കണമെന്ന് എക്സിക്യുട്ടീവ് ഓഫീസർ നിർദ്ദേശം നൽകിയെങ്കിലും പരാജയപ്പെട്ടു.
റോബോട്ടിക് സഹായത്തോടെ തിട്ടപ്പെടുത്താനുള്ള സംവിധാനം ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല. 2023ൽ അഡ്വ. കെ.അനന്തഗോപൻ പ്രസിഡന്റായുള്ള ഭരണസമിതിയാണ് റോബോട്ടിക് സംവിധാനം നിർദ്ദേശിച്ചത്. പ്രസിഡന്റിന്റെ നേതൃത്വത്തിൽ ബോർഡ് അംഗങ്ങൾ തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് സാദ്ധ്യതാ പഠനം നടത്തുകയും ശബരിമലയിൽ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. നടപടി തുടങ്ങിയെങ്കിലും ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ മുടങ്ങി.
പിന്നീട് വന്ന ഭരണസമിതികൾ താല്പര്യം കാണിച്ചില്ല. റോബോട്ടിക് പണം എണ്ണൽ യാഥാർത്ഥ്യമായാൽ പ്രതിസന്ധിക്ക് പരിഹാരമാകും.
ജനുവരി 12വരെ 429 കോടി രൂപയുടെ വരുമാനമുണ്ടെന്ന് ദേവസ്വം ബോർഡ് ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും നാണയത്തിന്റെ കണക്ക് ഉൾപ്പെട്ടിട്ടില്ല.
175 ജീവനക്കാർ കുറവ്
ഈ സീസണിൽ 175 ജീവനക്കാരുടെ കുറവ്
താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടും ഇതിനായി കൂടുതൽ ആളെ കിട്ടാനില്ല
മകരവിളക്ക് ഉത്സവം കഴിഞ്ഞ് നട അടച്ചശേഷം എല്ലാ നാണയങ്ങളും എണ്ണി തിട്ടപ്പെടുത്തും. ഒരു നായണം പോലും എണ്ണാത്തതായി ഉണ്ടാകില്ല. തുടർന്ന് സമ്പൂർണ കണക്ക് പ്രസിദ്ധീകരിക്കും. ജീവനക്കാരുടെ കുറവാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കെ.ജയകുമാർ,
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |