
ശബരിമല: മകര വിളക്ക് കാലത്തെ ആചാരപരമായ ചടങ്ങുകൾ നിർവഹിക്കാൻ പന്തളം കൊട്ടാരം രാജപ്രതിനിധി പുണർതം നാൾ പി.എൻ.നാരായണവർമ്മയും സംഘവും സന്നിധാനത്തെത്തി. സന്നിധാനം ജ്യോതിർ നഗറിലെത്തിയ അദ്ദേഹത്തെ തലപ്പാറമല, ഉടുമ്പാറമല എന്നിവയെ പ്രതിനിധീകരിക്കുന്ന കൊടികളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ദേവസ്വം പ്രതിനിധികളും തിരുവാഭരണ വാഹക സംഘവും ആലങ്ങാട്ട് പേട്ടതുള്ളൽ സംഘവും ചേർന്ന് ഉപചാരപൂർവം സ്വീകരിച്ച് പതിനെട്ടാം പടിക്ക് സമീപം എത്തിച്ചു.
മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങിവന്ന് രാജപ്രതിനിധിയെ മാലയിട്ട് സ്വീകരിച്ച ശേഷം സന്നിധാനത്തേക്ക് ആനയിച്ചു. സോപാനത്തെത്തിയ അദ്ദേഹം അയ്യപ്പ സ്വാമിയെ ദർശിച്ചു. നാളെ ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന എന്നീ പൂജകൾ തൊഴാൻ രാജപ്രതിനിധി സന്നിധാനത്തെത്തും. 18ന് കളഭാഭിഷേകവും 19ന് മാളികപ്പുറത്ത് വലിയ ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ്. 20ന് പുലർച്ചെ രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം രാവിലെ 6.30ന് ശബരിമല . നടയടച്ച് താക്കോൽക്കൂട്ടവും പണക്കിഴിയും രാജപ്രതിനിധിക്ക് മേൽശാന്തി കൈമാറും.
പതിനെട്ടാം പടിയിറങ്ങിയ ശേഷം അടുത്ത ഒരുവർഷത്തെ പൂജകൾ നടത്താൻ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിദ്ധ്യത്തിൽ താക്കോൽക്കൂട്ടവും പണക്കിഴിയും ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് രാജപ്രതിനിധി കൈമാറും. ഇതോടെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും. തുടർന്ന് കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് വൈകിട്ട് 5ന് വീണ്ടും ശബരിമല നട തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |