
ശബരിമല: സ്വർണക്കൊള്ള വിവാദങ്ങൾക്കിടയിലും ശബരിമലയിൽ ഇക്കുറി റെക്കാഡ് വരുമാനം. ജനുവരി 16വരെ 454.54 കോടിയാണ് ലഭിച്ചത്. കഴിഞ്ഞവർഷം ഇതേസമയം 405.36 കോടിയായിരുന്നു. കാണിക്ക ഇനത്തിൽ 122.8 കോടിയും അരവണവിറ്റുവരവിൽ 205.55 കോടിയും ആടിയശിഷ്ടം നെയ് വില്പനയിൽ 4.52കോടി രൂപയുമാണ് ലഭിച്ചത്. കഴിഞ്ഞവർഷം കാണിക്ക 117 കോടിയും അരവണ 179.26 കോടിയും ആടിയശിഷ്ടം നെയ് വില്പന 2.30 കോടിയുമായിരുന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം സ്റ്റേറ്റ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ച ആടിയശിഷ്ടം നെയ് വില്പനയിൽ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയോളം രൂപയുടെ വർദ്ധനവാണുണ്ടായത്.
അരവണ പ്ലാന്റിൽ വേണ്ടത്ര സംവിധാനമില്ല
ശബരിമലയിൽ അരവണ നിർമ്മിക്കുന്നത് നീരാവി ഉപയോഗിച്ചാണ്. ഇക്കുറി കൂടുതൽ സ്റ്റീം ബർണറുകളും കൂളിംഗ് സംവിധാനവും നിർമ്മിക്കണമെന്ന് ബോർഡ് എൻജിനിയറിംഗ് വിഭാഗത്തോടെ നിർദ്ദേശിച്ചെങ്കിലും ഇതു സ്ഥാപിക്കാൻ തയ്യാറായില്ല. ഇതേത്തുടർന്ന് മണ്ഡലകാലത്ത് അരവണ പ്രതിസന്ധി നേരിട്ടിരുന്നു. ശരാശരി അഞ്ചുലക്ഷം ടിൻ അരവണയാണ് പ്രതിസന്ധി ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് വരെ വിറ്റിരുന്നത്. ഈ കണക്കനുസരിച്ച് 300 കോടിയുടെ അരവണ വില്പനയാണ് ഉണ്ടാകേണ്ടിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |