
, വാജിവാഹനം തന്ത്രിക്ക് നൽകിയത് ഉത്തരവ് മറികടന്ന്
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം പുതുക്കിയത് മറയാക്കി സ്വർണക്കൊള്ള നടത്തിയതിലും കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും കേസെടുക്കാൻ എസ്.ഐ.ടി.
അജയ് തറയിലടക്കം അന്നത്തെ ബോർഡംഗങ്ങളും തന്ത്രിയും പ്രതികളാകുമെന്നാണ് സൂചന.
ക്ഷേത്രങ്ങളിലെ പഴയ വസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്നും ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നും 2012സെപ്തംബർ 17ന് ദേവസ്വം കമ്മിഷണർ ഉത്തരവ് ഇറക്കിയിരുന്നു. ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെയായിരുന്നു ഉത്തരവ്. ഇത് മറികടന്നാണ് 2017ൽ ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും ചേർന്ന് വാജിവാഹനം തന്ത്രിക്ക് നൽകിയത്.
പഞ്ചലോഹത്തിൽ നിർമ്മിച്ച് തങ്കം പൊതിഞ്ഞ 11കിലോ ഭാരമുള്ള വാജിവാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.
പുതിയ കൊടിമരത്തിന് സ്വർണം സ്പോൺസർ ചെയ്തത് ആന്ധ്രയിലെ ഫിനിക്സ് ഗ്രൂപ്പാണ്. മറ്റാരുടെയും സ്വർണം ഉപയോഗിച്ചിട്ടില്ല. ദേവസ്വം പണം മുടക്കാത്തതിനാൽ ഓഡിറ്റ് നടത്തിയില്ല. ആന്ധ്രയിലെ ഫിനിക്സ് ഗ്രൂപ്പ് 3.22കോടി നൽകി സ്പോൺസറായിട്ടും, കൊടിമരം പുതുക്കാൻ വമ്പൻ പണപ്പിരിവാണ് നടത്തിയത്. സിനിമാ താരങ്ങളിൽ നിന്നടക്കം രണ്ടരക്കോടിയോളം പിരിച്ചെന്നാണ് എസ്.ഐ.ടിക്കുള്ള വിവരം.
കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിഗ്‌പാലകരുടെ വിഗ്രഹങ്ങൾ, ആലിലരൂപങ്ങൾ, സ്വർണം പൂശിയ പറകൾ അടക്കം കാണാനില്ല. കൊടിമരം പൊതിഞ്ഞിരുന്ന കിലോക്കണക്കിന് സ്വർണത്തെക്കുറിച്ചും വിവരമില്ല.
കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്നാണ് എസ്.ഐ.ടിക്കുള്ള വിവരം. അതേസമയം, വാജിവാഹനം തന്ത്രിക്ക് നൽകിയത് താന്ത്രികവിധി പ്രകാരമാണെന്നും 2012ലെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും അജയ് തറയിൽ പ്രതികരിച്ചു.
ആചാരപ്രകാരവും തെറ്റ്
തന്ത്രസമുച്ചയ പ്രകാരം കൊടിമരം മാറ്റുമ്പോൾ മരം കൊണ്ടുള്ളതാണെങ്കിൽ അഗ്നിയിൽ ദഹിപ്പിക്കണം. ലോഹനിർമ്മിതമാണെങ്കിൽ അത് ഉരുക്കി ആചാര്യന് നൽകണം. രൂപമാറ്റം വരുത്താത്ത ബിംബമോ വിഗ്രഹമോ ആചാര്യനോ തന്ത്രിയോ സ്വീകരിക്കരുത്. എന്ത് കീഴ്‌വഴക്കമുണ്ടെങ്കിലും പഴയ സാമഗ്രികൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ഉത്തരവുള്ളതാണ് അന്നത്തെ ബോർഡിനും തന്ത്രിക്കും കുരുക്കായത്.
``തന്ത്രിക്ക് വാജിവാഹനം കൈമാറിയത് രേഖകളില്ലാതെയായിരുന്നു. കൊടിമരം പുതുക്കാൻ തീരുമാനിച്ച ബോർഡ് യോഗത്തിൽ ഞാനുണ്ടായിരുന്നില്ല. ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും ചേർന്നാണ് തന്ത്രിക്ക് വാജിവാഹനം കൈമാറിയത്.``
-കെ.രാഘവൻ ,
അന്നത്തെ ബോർഡ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |