SignIn
Kerala Kaumudi Online
Friday, 15 May 2026 4.14 PM IST

വനിതാ പ്രീമിയര്‍ ലീഗ്: ഗുജറാത്തിനെ മറികടന്ന് ഡല്‍ഹി ഫൈനലില്‍, എതിരാളികള്‍ ആര്‍സിബി

wpl

വഡോദര: വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ നാലാം സീസണിലും ഫൈനലിലെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹി 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഫൈനലില്‍ ഡല്‍ഹി ആര്‍.സി.ബിയെ നേരിടും.

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞിട്ടും ഓപ്പണറായിറങ്ങി അവസാനപന്തുവരെ ക്രീസില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ ബേത്ത് മൂണിയും (51പന്തുകളില്‍ ആറ് ഫോറടക്കം 62 റണ്‍സ്),35 റണ്‍സ് നേടിയ ജോര്‍ജിയ വെയര്‍ഹാമും 18 റണ്‍സ് നേടിയ കാശ്വീ ഗൗതവും ചേര്‍ന്നാണ് ഗുജറാത്തിനെ ഈ സ്‌കോറിലെത്തിച്ചത്.

സോഫീ ഡെവിന്‍(6),അനുഷ്‌ക ശര്‍മ്മ (16), ക്യാപ്ടന്‍ ആഷ്ലീ ഗാര്‍ഡ്‌നര്‍ (0),കനിക അഹൂജ(6),ഭാര്‍തി ഫുല്‍മാലി (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിട്ടും മൂണിയുടെ പോരാട്ടം ഗുജറാത്തിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി ചിനേലി ഹെന്റി മൂന്ന് വിക്കറ്റും നന്ദനി ശര്‍മ്മ രണ്ട് വിക്കറ്റും മലയാളി താരം മിന്നുമണി ഒരു വിക്കറ്റും നേടി.

ലിസെല്ലീ ലീ (43), ഷെഫാലി വെര്‍മ്മ (31),ലോറ വോള്‍വാട്ട് (32 നോട്ടൗട്ട്),ക്യാപ്ടന്‍ ജമീമ റോഡ്രിഗസ് (41) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഡല്‍ഹിയെ 26 പന്തുകളും ഏഴുവിക്കറ്റുകളും ബാക്കിനില്‍ക്കേ വിജയത്തിലെത്തിച്ചത്.

വനിതാ പ്രിമിയര്‍ ലീഗില്‍ ഇതുവരെ നടന്ന എല്ലാ സീസണുകളിലും ഫൈനലിലെത്തിയ ഏകടീമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. എന്നാല്‍ ഇതുവരെ കിരീടം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി അതിന് മാറ്റമുണ്ടാക്കാനാണ് ജമീമയും സംഘവും ശ്രമിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ആര്‍.സി.ബി നേരിട്ട് ഫൈനലിലെത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇക്കുറി ഡല്‍ഹി എലിമിനേറ്ററിലേക്ക് കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360