കോട്ടയം: ആദ്യ കാഴ്ചയിൽ ദയനീയത വൃക്തമാണ്. ചിലയിടങ്ങളിൽ ആൽ കിളിർത്തിരിക്കുന്നു. കോൺക്രീറ്റ് അടർന്ന് കമ്പി തെളിഞ്ഞിട്ടുണ്ട്. ചുവരിൽ കാടും പടലവും. ഓൾഡ് ബോട്ട് ജെട്ടി റോഡിലെ നഗരസഭയുടെ റെസ്റ്റ് ഹൗസ് ഇങ്ങനെ നിലനിൽക്കുന്നത് തന്നെ മഹാഭാഗ്യമെന്ന് ആരുംപറയും. കോട്ടയം നഗരവാസികൾക്ക് ചങ്കിടിപ്പാണ്. ഏതുനിമിഷവും കെട്ടിടം നിലംപൊത്താം. ആ ദുരന്തം ഞങ്ങൾ കാണേണ്ടിവരുമോ!. റെസ്റ്റ് ഹൗസ് പൊളിക്കാൻ 2022ൽ നഗരസഭ തീരുമാനിച്ചിരുന്നു. പക്ഷേ വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. പുതിയ മന്ദിരം ഉയരുമെന്ന് അന്നത്തെ വൈസ് ചെയർമാൻ ബി.ഗോപകുമാർ ഉറപ്പും നൽകി. എന്നാൽ ഒന്നും നടന്നില്ല. അത്രതന്നെ.
ഒരുപാടുണ്ട് ഓർമ്മകൾ:
60കളിൽ ചലച്ചിത്ര രാഷ്ട്രീയ രംഗത്തുള്ളവരുടെ ഇഷ്ടകേന്ദ്രമായിരുന്നു റെസ്റ്റ് ഹൗസ്. പ്രേം നസീറിന് 111ാം നമ്പർ പ്രിയപ്പെട്ടതായിരുന്നു. എ.കെ ആന്റണിയും വയലാർ രവിയും എം.എം ഹസനുമൊക്കെ സന്ദർശകരായിരുന്നു. ഷീല, കെ.പി ഉമ്മർ, അടൂർ ഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി പിള്ള തുടങ്ങിയവർ പലവട്ടം താമസിച്ചു.
അന്ന് തുടങ്ങി തകർച്ച
70കളുടെ മദ്ധ്യത്തോടെ റെസ്റ്റ് ഹൗസിന്റെ പ്രതാപം നഷ്ടമായി. 80കളോടെ തകർച്ചയും.
സർവ്വതും പൊട്ടിക്കീറി
വർഷങ്ങൾ പഴക്കുള്ള കെട്ടിടത്തിലെ മാർബിളും ടൈലുമെല്ലാം പൊട്ടിക്കീറി. കൂറ്റൻ വൃക്ഷങ്ങളുടെ വേരുകൾ കെട്ടിടത്തിനുള്ളിലേക്ക് പടർന്നുകയറി. ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് നഗരസഭയുടെ കൃഷിഓഫീസടക്കം പ്രവർത്തിക്കുന്നത്. തറയും ഭിത്തിയും വിണ്ടുകീറിയിട്ടുണ്ട്. ഉപയോഗശൂന്യമായ വാഹനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ചാക്കിലാക്കി മാലിന്യങ്ങളും തള്ലി.
കഴിഞ്ഞ നഗരസഭാ ഭരണസമിതി പഴയകെട്ടിടം പൊളിച്ചുനീക്കുമെന്ന് പറഞ്ഞിരുന്നു. പുതിയ ഭരണസമിതിയെങ്കിലും ഇതിന് മുൻകൈയെടുക്കണം. (നഗരവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |