
ആലപ്പുഴ: കുടുംബശ്രീ സി.ഡി.എസുകളുടെ പ്രവർത്തനം നേരിട്ടറിയുന്നതിനും പഠിക്കുന്നതിനുമായി ആരംഭിക്കുന്ന 'ഇമേർഷൻ സൈറ്റു'കളിലൂടെ അംഗങ്ങളുടെ വരുമാനം ഇനി കുതിച്ചുയരും. വിനോദസഞ്ചാര-സാംസ്കാരിക മേഖലകളിലേക്ക് ചുവടുവച്ചാണ് പദ്ധതി വിപുലീകരിക്കുന്നത്.
അയൽക്കൂട്ട അംഗങ്ങളിൽ കുറഞ്ഞത് 35 ശതമാനം പേരുടെ വാർഷിക വരുമാനം രണ്ടുലക്ഷത്തിലേക്ക് എത്തിക്കുംവിധമുള്ളതാണ് പദ്ധതി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും ദാരിദ്ര്യനിർമ്മാർജന മിഷൻ ഉദ്യോഗസ്ഥർക്കും കുടുംബശ്രീയുടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ നേരിൽകണ്ട് മനസിലാക്കാനുള്ള മാതൃകാ കേന്ദ്രങ്ങളായി ഇമേർഷൻ സൈറ്റുകൾ മാറും. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഏറ്റവും മികച്ച മാതൃകാ സി.ഡി.എസുകളെയാണ് പഠന പരിശീലന കേന്ദ്രമാക്കി മാറ്റുന്നത്. ഇവയ്ക്ക് പുറമെ ടൂറിസം ഇൻഫർമേഷൻ സെന്റർ, ആയുർ സ്പാ, ഡിസാസ്റ്റർ റെസ്‌പോർൺസ്, നൈപുണ്യ വികസനം എന്നിവ കൂടി ഉൾപ്പെടുത്തിയാണ് അയൽക്കൂട്ടാംഗങ്ങളുടെ വരുമാന വർദ്ധനവിന് വഴിയൊരുക്കുന്നത്.
ജില്ലകളിലെ വിനോദസഞ്ചാര മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക, പാക്കേജുകൾ പരിചയപ്പെടുത്തുക, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് സി.ഡി.എസിന്റെ സ്വന്തം വാഹനങ്ങളിൽ സൗകര്യമൊരുക്കി നൽകുക, പരിശീലനം ലഭിച്ച അയൽക്കൂട്ടാംഗങ്ങളെ ഗൈഡുകളായി പ്രവർത്തിക്കുക തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനാണ് 'ടൂറിസം ഇൻഫർമേഷൻ സെന്റർ' തുടങ്ങുന്നത്.
സന്ദർശകർക്ക് മാനസിക, ശാരീരിക ഉല്ലാസത്തിനായി യോഗ, ബോഡി മസാജ് എന്നിവ നടത്തുന്ന ആയുർവേദ കേന്ദ്രം 'ആയുർ സ്പാ'യും ഇവിടെയുണ്ടാകും. അടിയന്തര രക്ഷാപ്രവർത്തനായി ഡിസാസ്റ്റർ റെസ്‌പോൺസ് ടീമും ഉണ്ടാകും.
കളർകോഡും ലോഗോയും
# മുഴുവൻ സി.ഡി.എസ് അംഗങ്ങളും കമ്പ്യൂട്ടർ പരിജ്ഞാനം നേടുന്നതിന് പരിശീലനം നൽകും
# സൈറ്റുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള അറിവുണ്ടാക്കിയെടുക്കുന്നതിനാണിത്
#അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന മുഴുവൻ ഉത്പന്നങ്ങളും മറ്റ് പ്രാദേശിക ഉത്പന്നങ്ങളും ഒരു കുടക്കീഴിലാക്കി വിൽപ്പന നടത്തും
#എല്ലാ സ്ഥാപനങ്ങൾക്കും ഉത്പന്നങ്ങൾക്കും പൊതുവായ കളർ കോഡും ലോഗോയും നൽകി ഏകീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |