
ആലപ്പുഴ: കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കിൽ ആലപ്പുഴ നിശ്ചലമായി. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ചുരുക്കം സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. വഴിയോരക്കച്ചവട സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഇതോടെ ആശുപത്രികളിലടക്കം ജോലിക്കെത്തേണ്ട ജീവനക്കാർ കാര്യമായി വലഞ്ഞു. പലരും ഭയപ്പെട്ടാണ് രാവിലെ ജോലി സ്ഥലങ്ങളിലേക്ക് പുറപ്പെട്ടത്. കളക്ടറേറ്റിലെയ ജീവനക്കാരെ സമരക്കാർ തടഞ്ഞ് പറഞ്ഞുവിട്ടു. ജില്ലാ കോടതിയിലെ ജീവനക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് കോടതി സമുച്ചയത്തിലേക്ക് സുരക്ഷിതമായി എത്തുന്നതിന് പൊലീസ് വാഹനം ക്രമീകരിച്ചിരുന്നു. മങ്കൊമ്പ് സ്കൂളിലെത്തിയ അദ്ധ്യാപകരെ സമരാനുകൂലികൾ ഗേറ്റ് പൂട്ടിയിട്ടെങ്കിലും വൈകാതെ തുറന്നുവിട്ടു. ഏതാനും ദീർഘദൂര സർവീസുകൾ അതിരാവിലെ കടന്നുപോയതല്ലാതെ ജില്ലയിൽ നിന്ന് സർവീസുകളൊന്നും കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്തില്ല. ജലഗതാഗത വകുപ്പിൽ സ്റ്റേ ബോട്ടുകൾ പ്രധാന സ്റ്റേഷനിലേക്കും തിരികെയും സർവീസ് ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാരില്ലാത്തതിനാലും, സമരക്കാർ ഇടപെട്ടതിനാലും രാവിലെ 10 മണിയോടെ സർവീസുകൾ പൂർണമായി നിറുത്തിവച്ചു. മറ്റിടങ്ങളിൽ നിന്ന് ജോലി, പഠന ആവശ്യങ്ങൾക്കായി ജില്ലയിൽ താമസിക്കുന്ന നിരവധിപ്പേരാണ് ഇന്നലെ ഭക്ഷണം പോലും കിട്ടാൻ പ്രയാസപ്പെട്ടത്. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം കാര്യമായ പ്രതിസന്ധികളില്ലാതെ തുടരാനായി.
അതേസമയം, ആലപ്പുഴയുടെ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി മുൻകൂർ ബുക്ക് ചെയ്തിരുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകളില്ലാതെ യാത്ര നടത്താനായി. സമരാനുകൂലികൾ ഹൗസ് ബോട്ടുകൾ തടഞ്ഞില്ല. എന്നാൽ, മുൻകൂർ ബുക്കിംഗുകാരല്ലാതെ ആരും എത്തിയില്ല. ബീച്ചടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾ വിജനമായിരുന്നു.
നഗരത്തിൽ പ്രകടനവും നടത്തി
ആലപ്പുഴ നഗരത്തിൽ തൊഴിലാളികൾ പ്രകടനവും പൊതുസമ്മേളനവും നടത്തി.
നൂറുകണക്കിനാളുകൾ പ്രതിഷേധപ്രകടനത്തിൽ അണിചേർന്നു. പ്രകടനം മുനിസിപ്പൽ ടൗൺ ഹാളിന് സമീപമെത്തിയപ്പോൾ ചേർന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ.ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. അഡ്വ.എ.എം.ആരിഫ്, ഡി.പി.മധു, അഡ്വ. കെ.ആർ. ഭഗീരഥൻ, വിനോദിനി, സലിം ബാബു,കെ.ജെ.പ്രവീൺ, എ.എം.ഷിറാസ് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് ട്രേഡ് യൂണിയൻ കൂട്ടായ്മയായ യു.ഡി.ടി.എഫ് നേതൃത്വത്തിൽ പണിമുടക്കിയ തൊഴിലാളികൾ വിവിധ കേന്ദ്രങ്ങളിൽ ജാഥയും സമ്മേളനവും നടത്തി. ആലപ്പുഴയിൽ ജില്ലാതലസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു.
യു.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.ഉണ്ണികൃഷ്ണൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റുമാരായ സഞ്ജീവ് ഭട്ട്, കെ.എ.സാബു, ഐ. എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു ജോർജ്ജ്, സംസ്ഥാന ട്രഷറർ പി.ഡി.ശ്രീനിവാസൻ
യു.ഡി.ടി.എഫ് ജില്ലാ ചീഫ് കോഡിനേറ്റർ യു.അശോകുമാർ, നിയോജക മണ്ഡലം ചെയർമാൻ എം.കെ.നിസ്സാർ, ജില്ലാ ഭാരവാഹികളായ ആർ .ചന്ദ്രൻ (യു.ടി.യു.സി) അബു പോളക്കുളം (എസി.ടി.യു) സി.എസ് രമേശൻ (യു.ടി.യു.സി), എകെ ബാധുഷ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതല ജാഥ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസ്സീർ ഫ്ലാഗ് ഒഫ് ചെയ്തു.
ആശ്വാസമായി ഭക്ഷപ്പൊതി
ആലപ്പുഴ സഹൃദയ ഹോസ്പിറ്റലിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പൊതുനിരത്തുകളിലും ബസ് സ്റ്റോപ്പുകളിലും ആശുപത്രികളിലും, റെയിൽവേസ്റ്റേഷൻ പരിസരത്തും ഭക്ഷണപ്പൊതി വിതരണം ചെയ്തത് നിരവധിപ്പേർക്ക് ആശ്വാസമായി. കടുത്ത വേനലിൽ ദാഹജലം പോലും കിട്ടാതെ ജനം വലഞ്ഞു. ഉച്ചയോടെ ജ്യൂസ് കടകൾ പലതും തുറന്നു തുടങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |