SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

മലയിൻകീഴ്,മാറനല്ലൂർ പ്രദേശങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകം

Increase Font Size Decrease Font Size Print Page

മലയിൻകീഴ്: മലയിൻകീഴ്,മാറനല്ലൂർ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നാൾക്കുനാൾ വർദ്ധിക്കുന്നു. മലയിൻകീഴ്-ഊരൂട്ടമ്പലം റോഡിൽ സ്വകാര്യ സ്കൂളിന് സമീപത്തെ വളവിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മാലിന്യനിക്ഷേപത്തിനെതിരെയുള്ള ബോർഡിന് താഴേ മാലിന്യ നിക്ഷേപം വ്യാപകമാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡ് സ്ഥാപിച്ചത്.നിലവിൽ ബോർഡ് മറിച്ചിട്ടിരിക്കുകയാണ്.

മാലിന്യപ്പൊതികൾ തെരുവ് നായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നതും നായ്ക്കൾ കടിച്ചെടുത്ത് ഒടുന്നതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്.

അന്തിയൂർക്കോണം -മൂങ്ങോട് റോഡിൽ പല ഭാഗങ്ങളിലായി മാലിന്യപ്പൊതികൾ നിറഞ്ഞിട്ട് കാലങ്ങളായി.മാലിന്യം കൊണ്ടിടുന്നവരെ പിടികൂടാനായി സന്നദ്ധസംഘടന രൂപീകരിച്ച് നിരവധി പേരെ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു. ആൾവാസം കുറവായതാണ് മാലിന്യ നിക്ഷേപത്തിന് കാരണം. പഞ്ചായത്ത് അധികൃതർക്ക് ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. നിലവിലെ ഭരണ സമിതിക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.

മാലിന്യങ്ങൾ റോഡിൽ

ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യം ചാക്കുകളാക്കി റോഡുകളിൽ നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ മാസങ്ങളോളം ഇവ നീക്കം ചെയ്യാതെ കിടക്കുന്നിടത്ത് പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്. മാലിന്യശേഖരം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

വെള്ളവും മലിനമാകുന്നു
മാറനല്ലൂർ പഞ്ചായത്തിലെ ഊരൂട്ടമ്പലം പൊതുമാർക്കറ്റിന് സമീപത്തും മാലിന്യനിക്ഷേപം നാൾക്കുനാൾ വർദ്ധിക്കുകയാണ്. കുഴയ്ക്കാട്-ചീനിവിള ബണ്ട് റോഡിലും മാലിന്യനിക്ഷേപത്തിന് അറുതിയായിട്ടില്ല. ബണ്ടിൽ ഇടുന്ന മാംസ-ഭക്ഷണാവശിഷ്ടങ്ങൾ തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്.മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മേപ്പൂക്കട,ബ്ലോക്ക് ഓഫീസ് വാർഡുകളിലുൾപ്പെട്ട ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്.

ക്യാമറക്ക് മുന്നിലും മാലിന്യം

മാറനല്ലൂർ പഞ്ചായത്തിലെ അണപ്പാട്-ചീനിവിള റോഡിൽ മാലിന്യനിക്ഷേപം വ്യാപകമായപ്പോൾ പഞ്ചായത്ത് കെൽട്രോണിന്റെ സഹകരണത്തോടെ സി.സി.ടിവി ക്യാമറ സ്ഥാപിച്ചു.ആദ്യമൊക്കെ മാലിന്യ നിക്ഷേപിച്ചത് കണ്ടെത്തി പഞ്ചായത്ത് പിഴ ചുമത്തിയിരുന്നു. അടുത്തിടെയായി ക്യാമറക്ക് മുന്നിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പഞ്ചായത്ത് പലതവണ ക്യാമറ പരിശോധിച്ചെങ്കിലും മാലിന്യം ഇട്ടയാളെ കണ്ടെത്താനായിട്ടില്ല.

മലയിൻകീഴ്-കാട്ടാക്കട,മലയിൻകീഴ്-തിരുവനന്തപുരം,തച്ചോട്ടുകാവ്- മങ്കാട്ടുകടവ് എന്നീ റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യനിക്ഷേപം രൂക്ഷമാണ്. ടാറിംഗ് പൂർത്തിയായ മഞ്ചാടി-ശ്രീകൃഷ്ണപുരം റോഡിൽ വീണ്ടും മാലിന്യനിക്ഷേപം തുടങ്ങിയിട്ടുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY