
കുട്ടനാട്: എ.സി റോഡിലെ സർക്കാർ പുറമ്പോക്ക് ഭൂമി തട്ടിയെടുക്കൽ തകൃതിയായി തുടരുമ്പോഴും, അധികൃതർക്ക് അറിഞ്ഞ ഭാവമില്ല. അവധി ദിവസങ്ങൾ നോക്കി
ശരവേഗത്തിൽ പുതിയ കടമുറികൾ നിർമ്മിച്ച് സർക്കാർ പുറമ്പോക്ക് മുഴുവനായി തട്ടിയെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആരുമില്ലാത്ത സമയം നോക്കി മുളം കുറ്റിയടിച്ച് ആദ്യം സ്ഥലം കൈവശപ്പെടുത്തും. തുടർന്ന് ഒറ്റയടിക്ക് കടമുറികൾ നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ സ്ഥലത്ത് എത്തിക്കും. എന്നിട്ട് ഒന്നോ,രണ്ടോ
ദിവസം കൊണ്ട് കടകളുടെ പണി പൂർത്തിയാക്കുന്നതാണ് ഇപ്പോഴത്തെ രീതി.
തുടർന്ന്, ഈ മുറികൾ ഒന്നുകിൽ 4000 മുതൽ 6000 രൂപയ്ക്ക് വാടകയ്ക്ക് നല്കും. അല്ലെങ്കിൽ 3 ലക്ഷം മുതൽ 5 ലക്ഷം രൂപയ്ക്ക് വിറ്റ് കാശാക്കും. ഇത്തരത്തിൽ
പുതിയ കടമുറികൾ നിർമ്മിക്കാനും പണം തട്ടിയെടുക്കാനുമായി മങ്കൊമ്പ് ജംഗ്ക്ഷന് പടിഞ്ഞാറ് ഭാഗത്തെ മുഴുവൻ സ്ഥലവും ഇക്കൂട്ടർ കുറ്റിയടിച്ച് കൈവശപ്പെടുത്തി വരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം.
രഹസ്യപിന്തുണയെന്ന് ആക്ഷേപം
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാനായി എ.സി കനാൽ നെടുമുടി, പള്ളാത്തുരുത്തി ആറുകളിലേക്ക് തുറക്കണമെന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് ഫയലിലുറങ്ങുമ്പോഴാണ് എ.സി റോഡിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ ഒരിഞ്ചുപോലും ബാക്കിവയ്ക്കാതെ വിറ്റ് കാശാക്കാൻ ലോബികൾ രംഗത്തെത്തിയിട്ടുള്ളത്
പെരുന്ന മുതൽ കളർകോട് വരെയുള്ള മുഴുവൻ ഭാഗത്തും കൈയേറ്റം തകൃതിയായി നടക്കുന്ന വിവരം നാട്ടിലാകെ പാട്ടായിട്ടും ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല
തദ്ദേശസ്വയം ഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ യൂണിയൻ നേതാക്കാൾ എന്നിങ്ങനെ അധികാരത്തിന്റെ വിവിധ തലങ്ങളിലുള്ളവർ കൈയേറ്റത്തിന് രഹസ്യപിന്തുണ നൽകുന്നതായുള്ള ആക്ഷേപം ശക്തമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |