
ആലപ്പുഴ: ഇരുമുന്നണികളിലും ആലപ്പുഴയിലുണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ സുനാമിയിൽ,കടലും കായലും അതിരിടുന്ന ആലപ്പുഴ മണ്ഡലത്തിൽ ഇക്കുറി ആരെത്തുണയ്ക്കും. പാർട്ടിയിൽ നിന്നുള്ള അവഗണനയിൽ മനം നൊന്ത് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരൻ സി.പി.എം വിടുകയും, കോൺഗ്രസ് പ്രവർത്തകരെ അവഗണിച്ച് അദ്ദേഹത്തെ പിന്തുണച്ചതിന് കെ.പി.സി.സി സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ജെ ജോബ് രാജിവച്ച് ബി.ജെ.പി സ്ഥാനാർത്ഥിയാകുകയും കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയും ചെയ്യവേ രാഷ്ട്രീയചുഴിയിൽ കലങ്ങിമറിയുകയാണ് മണ്ഡലം.
ദീർഘകാലം കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 1990-കളിൽ ഇപ്പോഴത്തെ എം.പി കെ.സി. വേണുഗോപാൽ പ്രതിനിധീകരിച്ച മണ്ഡലത്തിൽ കോൺഗ്രസിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇടതുപക്ഷം മണ്ഡലത്തിൽ പിടിമുറുക്കി.
2011 മുതൽ 2021 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ. ടി.എം. തോമസ് ഐസക് ആലപ്പുഴയുടെ വികസന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. നഗരസഭാ കേന്ദ്രീകൃതമായ വികസനം വോട്ടർമാർക്കിടയിൽ ഇടതുപക്ഷത്തിന് വലിയ സ്വീകാര്യത നൽകിയെങ്കിലും 2009-ലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എ.എ. ഷുക്കൂർ വിജയിച്ചത് രാഷ്ട്രീയ ചാഞ്ചാട്ടത്തിനും തെളിവായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം സമ്മാനിക്കുന്ന മണ്ഡലം കഴിഞ്ഞ കാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുചാഞ്ഞാണ് നിന്നിട്ടുള്ളത്. മണ്ഡലത്തിൽ ആലപ്പുഴ നഗരസഭയൊഴികെ മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, തെക്ക് , ആര്യാട് പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരണത്തിലാണ്. ബ്ളോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഇടതിനാണ് മേൽക്കൈ.
പി.പി ചിത്തരഞ്ജൻ
പത്രിക നൽകി
പ്രധാന എതിരാളിയാരെന്നതിൽ അനിശ്ചിതത്വം തുടരവെ പൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ചും രണ്ടാമതും മണ്ഡലം തന്റെ കൈപ്പിടിയിലിതുക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് സിറ്റിംഗ് എം.എൽ.എയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ പി.പി ചിത്തരഞ്ജൻ. പത്തുവർഷക്കാലം മണ്ഡലത്തിൽ ഇടതുമുന്നണി നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ കരുത്തിലാണ് ചിത്തരഞ്ജൻ. വലിയ ചുടുകാട്ടിലെ ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചശേഷം ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ചിത്തരഞ്ജൻ ഇതിനോടകം വോട്ടർമാരെ പലകുറി നേരിൽ കണ്ടുകഴിഞ്ഞു.
കോൺഗ്രസ്
പട്ടിക ഉടൻ ?
ലത്തീൻ കാത്തലിക് സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ആലപ്പുഴ നഗരസഭ മുൻ പ്രതിപക്ഷനേതാവ് അഡ്വ. റീഗോരാജു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പട്ടികയിലുള്ളത്. ഇവരിലാര് സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കൗൺസിലറെന്ന നിലയിലും അഭിഭാഷകനെന്ന നിലയിലും റീഗോ സ്വീകാര്യനാണെങ്കിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ - പൊതുപ്രവർത്തന രംഗത്ത് സജീവമായ സാധുമത്സ്യതൊഴിലാളി കുടുംബത്തിലെ അംഗമെന്ന നിലയിൽ തോമസും നഗരവാസികൾക്ക് സുപരിചിതനാണ്.
ആശ്വാസമായി
എം.ജെ ജോബ്
അരനൂറ്റാണ്ടിലേറെ കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്ന എം.ജെ ജോബ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ടെങ്കിലും തീരദേശത്ത് നിർണായക സ്വാധീനമുള്ള ലത്തീൻ സമുദായത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കാനായതിന്റെ ആശ്വാസത്തിലാണ് ബി.ജെ.പി.
2021 തിരഞ്ഞെടുപ്പ് ഫലം
പി.പി. ചിത്തരഞ്ജൻ ................73,412
ഡോ.കെ.എസ്. മനോജ്........ 61,768
സന്ദീപ് വാചസ്പതി....................21,650
ഭൂരിപക്ഷം..................................11,644
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |