
അമ്പലപ്പുഴ: പുന്നപ്ര റെയിൽവേ സ്റ്റേഷൻ വർഷങ്ങളായി ഓടുന്നത് അവഗണനയുടെ ട്രാക്കിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സ്ഥിതിചെയ്യുന്നത് ഈ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലേമീറ്റർ അകലെ മാത്രമാണ്. മാർ ഗ്രിഗോറിയോസ് കോളേജ്, കാർമൽ പോളിടെക്നിക്, കാർമൽ എൻജിനിയറിംഗ് കോളേജ്, സഹകര കോളേജ്, സഹകരണ ആശുപത്രി, മിൽമ , ഡെന്റൽ കോളേജ്, നഴ്സിംഗ് കോളേജ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ പുന്നപ്ര റെയിൽവേ സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. ജില്ലയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള രോഗികളും ബന്ധുക്കളും വിദ്യാർത്ഥികളും ഉദ്യേഗസ്ഥരും ഉൾപ്പടെ ധാരാളം പേർ ആശ്രയിക്കുന്ന സ്റ്റേഷനായിട്ടും കടുത്ത പരാധീനതയിലാണ്.
സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഇത് ലഹരി സംഘങ്ങൾക്ക് വളമായിമാറിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, വൈറോളജി ലാബ് എന്നിവിടങ്ങളിലെത്തുന്ന രോഗികൾക്കും മറ്റു യാത്രക്കാർക്കും സഹായകമാകും.
ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
1.പുന്നപ്ര റെയിൽവേ സ്റ്റേഷനിൽ ഒരു പ്ലാറ്റ്ഫോം മാത്രമാണുള്ളത്. പുലർച്ചെ 5.14ന്റെ ആലപ്പുഴ-കൊല്ലം പാസഞ്ചറും, 7.10ന്റെ ആലപ്പുഴ -കായംകുളം പാസഞ്ചറും, വൈകിട്ട് 5.30ന്റെ ആലപ്പുഴ -കൊല്ലം പാസഞ്ചറും മാത്രമാണ് ഈ സ്റ്റേഷനിൽ നിർത്തുന്നത്
2.പ്രധാന ട്രെയിനുകൾക്കൊന്നും സ്റ്റാപ്പില്ലാത്തത് കാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളും ബന്ധുക്കളും അമ്പലപ്പുഴയിലോ, ആലപ്പുഴയിലോ ട്രെയിനിറങ്ങി മറ്റ് വാഹനങ്ങളിൽ കയറി ഇവിടെ എത്തേണ്ട ഗതികേടിലാണ്
3.ട്രെയിൻ നിർത്തുന്ന സമയങ്ങളിൽ മാത്രമാണ് സ്റ്റേഷനിൽ യാത്രക്കാർ എത്തുന്നത്. ഇതു കാരണം പരിസരമാകെ കാടുപിടിച്ച് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. ഭയം കാരണം പലരും ട്രെയിൻ യാത്ര തന്നെ ഒഴിവാക്കിയിരിക്കുകയാണ്
പുന്നപ്ര റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാൻ അധികൃതർ തയ്യാറാകണം. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം
- സാലി പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |