
ആലപ്പുഴ : ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ ബൈപ്പാസ് അവസാന ഘട്ടത്തിലെത്തിയെങ്കിലും റെയിൽവേയുടെ അനുമതി വൈകുന്നതിനാൽ കുതിരപ്പന്തി, കാഞ്ഞിരംചിറ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ വൈകും. ഇരുസ്ഥലങ്ങളിലും മേൽപ്പാലങ്ങളുടെ ഭാഗത്തെ തൂണുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഇവിടെ പാതയ്ക്ക് മുകളിലായി ഗർഡറുകൾ സ്‌ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി ലഭിക്കണം.
കെ.സി വേണുഗോപാൽ എം.പി യുൾപ്പെടെ നിരന്തരം വിഷയത്തിൽ ഇടപെട്ടുവരികയാണെങ്കിലും നടപടികൾ പൂർത്തിയായി അനുമതി ലഭിക്കാൻ സമയമെടുക്കും. ട്രെയിൻ ഗതാഗതം നിയന്ത്രിച്ച് വേണം ഗർഡർ റെയിൽവേ പാതയ്ക്ക് മുകളിൽ സ്ഥാപിക്കേണ്ടത്. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റേതുൾപ്പെടെ അനുമതിവേണം.
സർവീസ് റോഡുകളും പുതിയതും പഴയതുമായ ബൈപ്പാസ് റോഡുകളിലെ റാമ്പുകളുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. റാമ്പുകളുടെ നിർമ്മാണത്തിനായി നിലവിലെ ബൈപ്പാസിന്റെ ഇരുവശവും 19മുതൽ അമ്പത് വരെയുളള പില്ലറുകളുടെ ഇടയിൽ ഭൂമി ഏറ്റെടുക്കണം. രണ്ട് പാതകളിലുമായി നിർമ്മിക്കേണ്ട നാല് റാമ്പുകൾക്ക് സർക്കാർ ഭൂമി ഉൾപ്പെടെ 20,000 ചതുരശ്ര അടി സ്ഥലം വേണ്ടിവരുമെന്നാണ് കണക്ക്.
ബീച്ചുൾപ്പെടുന്ന ഭാഗത്ത് സർക്കാർ വക ഭൂമിയായതിനാൽ ഏറ്റെടുക്കലിന് തടസമില്ലെങ്കിലും എതിർഭാഗത്ത് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള ഭൂമിയും ഉൾപ്പെടാൻ സാദ്ധ്യതയുണ്ട്. റവന്യൂ വകുപ്പ് ഭൂമിഏറ്റെടുത്ത് ദേശീയ പാത അതോറിട്ടിയ്ക്ക് കൈമാറിയാൽ മാത്രമേ കരാർ കമ്പനിയ്ക്ക് റാമ്പ് നിർമ്മാണം ആരംഭിക്കാനാകൂ.
റെയിൽവേ അനുമതി ലഭിക്കണം
96 തൂണുകൾക്കു മുകളിലായി നിർമ്മിച്ചിരിക്കുന്ന ബൈപാസ് പാലത്തിൽ ടാറിംഗ് ജോലികൾ പൂർത്തിയായി
225 മില്ലിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്‌തത് അതിന് മീതെ ബിറ്റുമിൻ കോൺക്രീറ്റും അതിനു മുകളിൽ ടാർ മിശ്രിതവുംഉപയോഗിച്ചായിരുന്നു നിർമ്മാണം.
ബൈപാസിന്റെ ഭാഗമായ പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം ഏറെ പിന്നിലാണ്
കളർകോട്, കൊമ്മാടി ഭാഗങ്ങളിൽ നിലവിലെ നിരപ്പിൽ നിന്നു മണ്ണിട്ട് ഉയർത്തി വേണം അപ്പ്രോച്ച് റോഡ് നിർമിക്കാൻ
ബൈപ്പാസിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം 95 ശതമാനവും പൂർത്തിയായി. അപ്രോച്ച് റോഡ്, റെയിൽവേ ഓവർ ബ്രിഡ്ജ്, ബീച്ചിലേക്കുള്ള റാമ്പ് എന്നിവയാണ് അനുബന്ധമായി ഇനി ചെയ്യാനുള്ളത്. മണ്ണ് ലഭ്യമായാൽ അപ്രോച്ച് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാകും
.- പ്രോജക്ട് ഓഫീസ്, ദേശീയപാത അതോറിട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |