തിരുവനന്തപുരം: ലോക നൃത്ത ദിനത്തിൽ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.നൃത്ത ദിനത്തിൽ പുതിയൊരു താളവും വെളിച്ചവുമായി എത്തിയ ആൺകുഞ്ഞിന് 'റിഥം' എന്നാണ് പേരിട്ടിരിക്കുന്നത്.ചൊവ്വാഴ്ച പുലർച്ചെ 3.10നാണ് ഈ വർഷത്തെ അഞ്ചാമത്തെ കുഞ്ഞെത്തിയത്.പത്തു ദിവസം പ്രായവും 2.4 കിലോഗ്രാം തൂക്കവുമുള്ള കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അമ്മത്തൊട്ടിലിൽ കുഞ്ഞ് എത്തിയതോടെ നഴ്‌സിംഗ് സ്റ്റേഷനിലും സുരക്ഷാ ക്യാബിനിലും അലാറം മുഴങ്ങുകയും,ദത്തെടുക്കൽ കേന്ദ്രത്തിലെ മോണിറ്ററിൽ കുഞ്ഞിന്റെ ചിത്രം തെളിയുകയും ചെയ്തു.ഉടൻ കുഞ്ഞിനെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ പരിശോധിച്ചു.
2025ൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി 45 കുട്ടികളെയാണ് സമിതിക്ക് ലഭിച്ചത്.കൂടാതെ ഈ വർഷം സ്വദേശത്തും വിദേശത്തുമായി 33 കുട്ടികളെ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി നൽകിയിട്ടുണ്ട്.റിഥത്തിന്റെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ, കുഞ്ഞിന്മേൽ അവകാശവാദമുള്ളവർ സമിതി അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ.അരുൺ ഗോപി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |