SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.49 AM IST

പശ്ചിമേഷ്യൻ യുദ്ധം: വീണ്ടും പ്രതിസന്ധി

Increase Font Size Decrease Font Size Print Page
pic


 ധാരണാപത്രത്തിന് ബദലുമായി ഇറാൻ, തള്ളി ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം വീണ്ടും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ധാരണാപത്രത്തിന് ഇറാൻ നൽകിയ മറുപടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ധാരണാപത്രം അംഗീകരിക്കുന്നതിന് പകരം ഇറാൻ ബദൽ നിർദ്ദേശങ്ങൾ സമർപ്പിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ വഴിയാണ് ഇറാൻ മറുപടി കൈമാറിയത്.

ഇതോടെ യുദ്ധം ഉടൻ അവസാനിപ്പിക്കാമെന്ന നയതന്ത്ര പ്രതീക്ഷ മങ്ങി. ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായേക്കും. ഏപ്രിൽ 8ന് നിലവിൽ വന്ന വെടിനിറുത്തൽ ഏതുനിമിഷവും തകർന്നേക്കാമെന്നും ഭീതിയുണ്ട്. ഒറ്റ പേജുള്ള 14 നിർദ്ദേശങ്ങൾ അടങ്ങിയ ധാരണാപത്രത്തിൽ ഇറാനും യു.എസും ഒപ്പിട്ടിരുന്നെങ്കിൽ യുദ്ധം ഉടൻ അവസാനിക്കുമായിരുന്നു. തുടർന്ന് 30 ദിവസം കൊണ്ട് ആണവ കരാറിലെത്തിയാൽ മതിയായിരുന്നു. അതിനിടെ,യുദ്ധം അവസാനിച്ചില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി.

നഷ്ടപരിഹാരം വേണം

 ഇറാന്റെ ബദൽ പദ്ധതിയിൽ 10 നിർദ്ദേശങ്ങൾ

 നാവിക ഉപരോധം ഉടൻ അവസാനിപ്പിച്ച് ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്ന് ആവശ്യം. കപ്പലുകൾക്ക് 20 ലക്ഷം ഡോളർ ടോൾ ഈടാക്കും

 ഉപരോധങ്ങൾ നീക്കി മരവിപ്പിക്കപ്പെട്ട ആസ്തികൾ വിട്ടുകിട്ടണം. യുദ്ധത്തിന്റെ നഷ്ടപരിഹാരം വേണം

 സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാം രാജ്യത്തേക്ക് മാറ്റാം. എന്നാൽ ആണവ കേന്ദ്രങ്ങൾ (സിവിലിയൻ ആവശ്യങ്ങൾക്ക് വേണ്ടി) പൂർണമായും ഇല്ലാതാക്കില്ല

സമ്മർദ്ദം ചെലുത്താൻ ചൈന

യു.എസിന്റെ അടുത്ത നീക്കം വ്യക്തമല്ല. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപ് നാളെ വൈകിട്ട് ചൈനയിലെത്തും. വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ചർച്ച നടത്തും. ചൈനയുടെ സ്വാധീനമുപയോഗിച്ച് ഇറാന് മേൽ സമ്മർദ്ദം ചെലുത്താൻ ട്രംപ് ശ്രമിച്ചേക്കും.


ഇറാന്റെ മറുപടി വായിച്ചു. എനിക്ക് ഇഷ്ടപ്പെട്ടില്ല. തീകച്ചും അസ്വീകാര്യം.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്


# ശത്രുവിന് മുന്നിൽ തലകുനിക്കില്ല. ദേശ താത്പര്യങ്ങൾ ശക്തിയോടെ പ്രതിരോധിക്കും.

- മസൂദ് പെസഷ്‌കിയാൻ,

പ്രസിഡന്റ്, ഇറാൻ

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360