SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കേരളത്തിലേക്ക് ഹെറോയിൻ ഒഴുക്ക്

Increase Font Size Decrease Font Size Print Page
drugg

കൊച്ചി: ഒറ്റത്തവണ ഉപയോഗിച്ചാൽ പോലും അടിമപ്പെട്ടുപോകുന്ന മയക്കുമരുന്നായ ഹെറോയിൻ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകം. എറണാകുളം പെരുമ്പാവൂരിലടക്കം പരസ്യമായ ഉപയോഗമാണ്. പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകംപൊള്ളയായ ശില്പങ്ങളിലും സോപ്പ് പെട്ടിക്കുള്ളിലുമെല്ലാം ഒളിപ്പിച്ചാണ് എത്തിക്കുന്നത്. ഹോമിയോ ഗുളികക്കുപ്പികളുടെ പകുതിപോലുമില്ലാത്ത ചെറിയ പ്ളാസ്റ്റിക് കുപ്പികളിലാണ് ചില്ലറ കച്ചവടം. എക്‌സൈസ്, പൊലീസ് പരിശോധനകളിൽ ചെറുകുപ്പികൾ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല.

കഴിഞ്ഞ ദിവസം അങ്കമാലിയിൽ 600 ഗ്രാം ഹെറോയിൻ 47 സോപ്പ് പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന മൂന്ന് അസാം സ്വദേശികളെ പിടികൂടിയിരുന്നു. അസാം, പശ്ചിമ ബംഗാൾ സ്വദേശികളാണ് പ്രധാന ഏജന്റുമാർ. ഒരു കിലോ ഹെറോയിന് കാൽ കോടിയോളം രൂപ വില വരും. ഗ്രാമിന് 2000–3000 വരെ രൂപയ്‌ക്ക് വാങ്ങി മൂന്നും നാലും ഇരട്ടി നിരക്കിലാണ് കൈമാറുന്നത്. കുറഞ്ഞ അളവിൽ കൂടുതൽ ലാഭം നൽകുന്നതും ഹെറോയിനാണ്.

കറുപ്പിൽ നിന്നാണ് ഹെറോയിൻ വേർതിരിച്ചെടുക്കുന്നത്. ഏറ്റവുമധികം കറുപ്പ് കൃഷിയുള്ളത് അഫ്ഗാനിസ്ഥാനിലാണ്. ഇന്ത്യയിലേക്ക് മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കടത്തിക്കൊണ്ടുവരുന്നത്. ഇതിലേറെയും മായം ചേർത്തതും വ്യാജവുമാണ്.

 അഫ്ഗാൻ വരവ് നിന്നു

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ പാകിസ്ഥാനിലൂടെ കടത്തുകയായിരുന്നു പതിവ്. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികളിൽ പരിശോധന കടുപ്പിച്ചതോടെ ഈ മാർഗ്ഗം അടഞ്ഞു. ശ്രീലങ്കയിലെത്തിച്ച് ബോട്ട് മാർഗം ഇന്ത്യയിലേക്കുള്ള കടത്തും കടലിൽ പരിശോധന കർശനമാക്കിയതോടെ നിലച്ചു.


 അഴിക്കുള്ളിൽ 52 വിദേശികൾ
രാജ്യത്തേക്ക് ഹെറോയിൻ കടത്തിയ കേസിൽ 52 പേരാണ് കേരളത്തിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ഇതിൽ നാലുപേർ ശിക്ഷിക്കപ്പെട്ടവരാണ്. 48 പേർ വിചാരണ നേരിടുന്നു. 2017-18 കാലയളവിൽ എൻ.സി.ബി കൊച്ചിയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വെനസ്വേല, പരാഗ്വേ, എൽ സാൽവഡോർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളും ഹെറോയിൻ കടത്തിൽ പിടിയിലായിട്ടുണ്ട്.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA