SignIn
Kerala Kaumudi Online
Saturday, 16 May 2026 2.08 AM IST

കുതിച്ച് രാസവളം വില, കർഷകർക്ക് കിതപ്പ്

paddy

കോട്ടയം : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാസവള നിർമ്മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും ഇറക്കുമതി തടസപ്പെട്ടതോടെ വില കുതിച്ചുയരുന്നു. ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ ഇറക്കുമതി ചെലവ് കൂടിയതിന് പുറമേ കേന്ദ്രസർക്കാർ രാസവള കമ്പനികൾക്ക് നൽകുന്ന സബ്സിഡി വെട്ടിക്കുറച്ചതുമാണ് വില ഉയരാൻ കാരണം. മൂന്നുമാസത്തിനിടെ 100 - 600 രൂപ വരെയാണ് പൊട്ടാഷ്, എൻ.പി.കെ മിശ്രിതം തുടങ്ങിയവയ്ക്ക് വർദ്ധിച്ചത്. 650 രൂപയായിരുന്ന 50 കിലോ പൊട്ടാഷിന്റെ വില മൂന്നിരട്ടിയായി. മിക്ക മിശ്രിത വളങ്ങളുടെയും പ്രധാന ഘടകം പൊട്ടാഷാണ്. നെൽകർഷകർ കൂടുതലായി ഉപയോഗിക്കുന്ന ഡൈ അമോണിയം ഫോസ് ഫേറ്റ്, അമോണിയം സൾഫേറ്റ് എന്നിവയുടെ വിലയും വർദ്ധിച്ചു. കാലാവസ്ഥാ മാറ്റവും, കൃഷിനാശവും, ഉത്പാദനക്കുറവിനുമിടെ രാസവള വില വർദ്ധന കർഷകർക്ക് ഇരുട്ടടിയായി. ചെറുകിട കൃഷിക്കാരും, സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കുമാണ് കൂടുതൽ ദുരിതം.

സബ്സിഡി വെട്ടിക്കുറച്ചത് ഇരുട്ടടി

രാസവളങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. സർക്കാരിന്റെ ന്യൂട്രിയന്റ് പോളിസി പ്രകാരമാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. യൂറിയ മാത്രമാണ് ഇപ്പോൾ സബ്സിഡിയുടെ പരിധിയിലുള്ളത്. മറ്റു വളങ്ങളെല്ലാം ഒഴിവാക്കി. 2023 ൽ 65,199. 58 കോടിയാണ് ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് കേന്ദ്രം സബ്സിഡിയായി അനുവദിച്ചിരുന്നത്. 2024 ൽ ഇത് 52,310 കോടിയായും. 2025ൽ 49,000 കോടിയായും വെട്ടിക്കുറച്ചു. ഈ വർഷവും രാസവള സബ്സിഡിയിൽ വൻകുറവാണ് വരുത്തിയത്.

''കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശവും സ്വകാര്യ മില്ലുകളുടെ പിഴിച്ചിലും പരിഹാരം കാണാതെ നീളുന്ന സംഭരണ പ്രശ്നങ്ങളാലും നെൽക്കൃഷി വൻ നഷ്ടത്തിലാണ്. അതിനിടയിലാണ് നെൽകൃഷിയ്ക്ക് അത്യാവശ്യമായ രാസവളങ്ങളുടെ അമിത വില വർദ്ധനവും ക്ഷാമവും. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണം.

സദാശിവൻ (നെൽകർഷകൻ )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL