
ആലപ്പുഴ: പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ച് സംസ്ഥാനതലത്തിൽ പേരെടുത്ത കുട്ടനാടുൾപ്പടെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആലപ്പുഴയ്ക്ക് മികച്ച റിസൾട്ട്. 99.63 ആണ് ജില്ലയുടെ വിജയശതമാനം. 99.7 ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയം. 0.07 ശതമാനത്തിന്റെ നേരിയകുറവുണ്ട്. ഈ അദ്ധ്യയന വർഷം പരീക്ഷയെഴുതിയ 20242 വിദ്യാർത്ഥികളിൽ 20167 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 1588 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. കഴിഞ്ഞവർഷം എപ്ലസ് നേടിയവരുടെ എണ്ണം 3384 ആയിരുന്നു. വിജയശതമാനത്തിൽ ജില്ലയ്ക്ക് സംസ്ഥാനത്ത് നാലാംസ്ഥാനമുണ്ട്. തുടർച്ചയായി രണ്ടാം തവണയാണ് എല്ലാ വിദ്യാർത്ഥികളും വിജയിച്ച് കുട്ടനാട് വിദ്യാഭ്യാസ ജില്ല ഒന്നാമതെത്തുന്നത്.
നൂറുമേനി ആവർത്തിച്ച്
കുട്ടനാട് വിദ്യാഭ്യാസ ജില്ല
സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തുകയും, ഏറ്റവും മികച്ച വിജയം നേടുകയും ചെയ്ത അപൂർവ്വ കഥ ആവർത്തിച്ച് കുട്ടനാട് വിദ്യാഭ്യാസ ജില്ല. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയത് കുട്ടനാട് വിദ്യാഭ്യാസ ജില്ല മാത്രമാണ്. കുട്ടനാടിന്റെ ചരിത്ര വിജയത്തിന് പിന്നിൽ മികച്ച അക്കാഡമിക ഏകോപനവും കഠിനപ്രയത്നവും നടന്നിട്ടുണ്ടെന്ന് എ.ഇ.ഒ ഇൻചാർജ്ജ് എൽ.അനുപമ പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏറ്റവുമധികം അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്ന വിദ്യാഭ്യാസ ജില്ലയാണ് കുട്ടനാട്. ഈ നഷ്ടം നികത്തുന്നതിന് അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തൊരുമയോടെ പരിശ്രമിച്ചതാണ് വിജയരഹസ്യമെന്ന് എ.ഇ.ഒ വ്യക്തമാക്കി. കാലവർഷം ദുരിതം വിതച്ച ജൂൺ മാസം മുതൽ തന്നെ നഷ്ടപ്പെടുന്ന അദ്ധ്യയന ദിനങ്ങളെ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. അവധി ദിനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തി. ഓഫ് ലൈൻ ക്ലാസുകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. രാവിലെയും വൈകിട്ടും അധിക പീരീഡുകൾ ക്ലാസ് നടത്തി. എല്ലാ സ്കൂളുകളിലെയും പ്രഥമാദ്ധ്യാപകർക്കും അദ്ധ്യാപകർക്കും കുട്ടികളെ എത്തിക്കുന്നതിൽ ഒപ്പം നിന്ന രക്ഷിതാക്കൾക്കും അവകാശപ്പെട്ടതാണ് വിജയമധുരമെന്നും എ.ഇ.ഒ എൽ പറഞ്ഞു. കുട്ടനാട്ടിൽ 918 ആൺകുട്ടികളും 869 പെൺ കുട്ടികളുമടക്കം പരീക്ഷ എഴുതിയ 1787 കുട്ടികളും ഉപരിപഠനത്തിന് യോഗ്യതനേടി.
തിളങ്ങി സ്‌കൂളുകൾ
(ഉപജില്ല, ആൺ, പെൺകുട്ടികൾ, ആകെ, ശതമാനം)
ചേർത്തല : 3074 - 2905 - 5979 - 99.53
ആലപ്പുഴ: 2883 - 3052 - 5935 - 99.4
മാവേലിക്കര : 3303 - 3163 - 6466 - 99.83
കുട്ടനാട് : 918 - 869 - 1787 - 100
എ പ്ലസ് നേടിയവർ
(ഉപജില്ല, ആൺ, പെൺകുട്ടികൾ,ആകെ)
ചേർത്തല : 97 - 225 - 322
ആലപ്പുഴ : 115 - 306 - 421
മാവേലിക്കര : 260 - 408 - 668
കുട്ടനാട് : 84 - 93 - 177
നൂറുശതമാനം
സർക്കാർ സ്കൂളുകൾ : 40
എയ്‌ഡഡ് സ്കൂളുകൾ : 79
അൺ എയ്ഡഡ്: 6
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |