SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം എങ്ങനെ ജീവിക്കും സാറേ ...?

kobsarasammkr

കോട്ടയം: നിത്യോപയോഗ സാധനങ്ങൾക്കൊപ്പം പച്ചക്കറി, മത്സ്യം, മാംസം ഹോട്ടൽ ഭക്ഷണ വില കുത്തനെ ഉയരുകയും വരുമാനം വർദ്ധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുകയാണ് സാധാരണക്കാർ. അരി, പയർ, പരിപ്പ്, പഞ്ചസാര, ഭക്ഷ്യ എണ്ണ വില ഉയർന്നു. പെട്രോൾ, ഡീസൽ വില വർദ്ധിച്ചതോടെ ചരക്കുകൂലി കൂടുന്നതിനാൽ വില ഇനിയും ഉയർന്നേക്കും.

തമിഴ്നാട്ടിൽ പച്ചക്കറി ഉത്പാദനത്തിലുണ്ടായ കുറവ് പച്ചക്കറി ഇനങ്ങളുടെയെല്ലാം വില വർദ്ധിപ്പിച്ചു. ബീൻസ് കിലോയ്ക്ക് 140 രൂപ ആയി. 40 രൂപയിൽ താഴെ പച്ചക്കറി ഇനങ്ങളൊന്നുമില്ല. സവാള മാത്രമാണ് 25-30ൽ നിൽക്കുന്നത്. ചെറിയ ഉള്ളി വില 80ൽ എത്തി.

മത്സ്യവിലയിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ചെറിയ മത്തി കിലോയ്‌ക്ക് 180രൂപ വരെയായി. മുള്ളൻ മത്തിക്ക് കിലോ 260വരെയായി. അയല, കിളിമീൻ തുടങ്ങിയ ചെറിയ ഇനങ്ങൾക്കെല്ലാം 250- 300 രൂപവരെയെത്തി. നെയ്മീൻ കിലോക്ക് 1000-1500 വരെ ഉയർന്നു . വറ്റ, കാളാഞ്ചി മോത തുടങ്ങിയവക്ക് വില 800 രൂപയ്ക്കുമുകളിലാണ്. കായൽ മത്സ്യങ്ങളുടെ വിലയും വർദ്ധിച്ചു. കരിമീൻ കിലോ 650 വരെയെത്തി , മൊരശ് 400ന് മുകളിലാണ്. ആറ്റുവാള, വരാൽ ഇനങ്ങൾ 350-400 റേഞ്ചിലാണ്. മാട്ടിറച്ചി 440-500 രൂപവരയെത്തി . ആട്ടിറച്ചി 1000 കടന്നു.

നിത്യോപയോഗ സാധന വില വർദ്ധിച്ചതിനൊപ്പം ഹോട്ടൽ ആഹാര സാധനങ്ങളുടെ വിലയും വർദ്ധിപ്പിച്ചു ഗാർഹികേതര പാചക വാതക സിലിണ്ടറിന് ആയിരം രൂപയോളം വർദ്ധിച്ചതോടെ സാധാരണ ഹോട്ടലുകളിൽ ചായയ്ക്ക് 15 ഉം കാപ്പിക്കു 20 രൂപയുമായി.

സാദാ ഊണിന്റെ വില 70ൽ നിന്ന് 100 വരെയായി.

നോൺവെജ് 120-150ൽ എത്തി. ബിരിയാണി 175ൽ നിന്ന് 200 ൽ എത്തി.

വില ഉയർന്നത് കച്ചവടത്തെ ബാധിച്ചു.

വില കൂട്ടാതെ ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.

സാധാരണക്കാർ ആശ്രയിക്കുന്ന തട്ടുകടകളിലും ആഹാരസാധനവില കുത്തനെ വർദ്ധിപ്പിച്ചു. ചപ്പാത്തികടകളിലും വില ഇരട്ടിയാക്കി

നിത്യോപയോഗ സാധനങ്ങളുടെവൻ വില വർദ്ധന കാരണം സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. പൊതു വിപണിയിലെ വില പിടിച്ചു നിറുത്തേണ്ട സപ്ലൈക്കോ ഔട്ട്‌ ലെറ്റുകളിൽ സബ്സിഡി സാധനങ്ങളും ആവശ്യത്തിനില്ല. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണം

രാജ് മോഹൻ

യുദ്ധച്ചീളേറ്റ് നിർമ്മാണ മേഖല

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയുടെ പൊള്ളലേറ്റ് നിർമ്മാണ മേഖല തളരുന്നു. വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവും മേഖലയെ പ്രതികൂലമായി ബാധിച്ചു. വീട് നിർമാണത്തിന് സ്ക്വയർ ഫീറ്റ് നിരക്ക് കരാറുകാരും ഉയർത്തി.

യുദ്ധത്തെ തുടർന്ന് ഇന്ധന വിലവർദ്ധനവും മേഖലയെ ഇനി ബാധിക്കും. സാനിറ്ററി ഉത്പന്നങ്ങൾക്കടക്കം വിലകയറി. സ്റ്റീൽ വില കിലോ 10 മുതൽ 18 രൂപ വരെ വർദ്ധിച്ച് 72 രൂപ മുതൽ 90 വരെയായി.

സിമന്റിന് കാര്യമായി വിലകൂടിയില്ലെങ്കിലും ഉടനെ കൂടുമെന്ന സൂചനയാണ് വിപണിയിൽ. ടൈൽ, സാനിറ്ററി ഉത്പന്നങ്ങൾക്ക് 15 മുതൽ അമ്പത് ശതമാനം വരെ വില വർദ്ധിച്ചു. ഗ്യാസ് പ്രതിസന്ധി ടൈൽസ് ഉത്പാദനത്തെയും ബാധിച്ചു. ടൈൽസിന് 20 രൂപവരെ സ്ക്വയർ ഫീറ്റിന് കൂടി. ഇലക്ട്രിക്കൽ സാമഗ്രികളുടെ വില 40 ശതമാനം വരെ വർദ്ധിച്ചു. പി.വി.സി ഉൽപന്നങ്ങളുടെ വിപണി കുത്തകളുടെ നിയന്ത്രണത്തിലായതോടെ പ്ളമ്പിംഗ് സാമഗ്രികളുടെ വിലയും വർദ്ധിച്ചിട്ടുണ്ട്. ടാപ്പിന് മുപ്പത് രൂപവരെയാണ് വർദ്ധിച്ചത്. മഴക്കാലമായതോടെ റൂഫ് വർക്ക് നടത്തുന്നവർക്കും വിലക്കയറ്റം പാരയായി. സ്ക്വയർ ടൂബിന് രണ്ട് മാസം കൊണ്ട് 66ൽ നിന്ന് 105 രൂപവരെയായി. പെയിന്റിന് 20ശതമാനം വരെയാണ് വിലക്കയറ്റം.

 അവസരം മുതലെടുക്കാനും ഒരു വിഭാഗം

സ്റ്റീൽ, ടൈൽ ഉൾപ്പെടെയുള്ള നിർമാണ കമ്പനികളിൽ പലതും നിലവിലുള്ള യുദ്ധ സാഹചര്യത്തെയും ഇന്ധന ക്ഷാമത്തെയും മറയാക്കി കൃത്രിമമായി വില വർദ്ധിപ്പിക്കുകയാണെന്ന് ആക്ഷേപവുമുണ്ട്.
പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല്,​ കരിങ്കല്ല്, പാറപ്പൊടി എം സാൻഡ് എന്നിവയുടെ വിലയും അനിയന്ത്രിതമായി വർദ്ധിപ്പിക്കാൻ നീക്കമുണ്ട്.

ഭായിമാർ മടങ്ങിയതും തിരിച്ചടിയായി

ഭായിമാരുടെ ക്ഷാമം നിർമാണത്തെയും ബാധിക്കുന്നു

 നിലവിലുള്ള തൊഴിലാളികൾ കൂലി കൂട്ടി

 വീടു വയ്ക്കാനുളള ബഡ്ജറ്റ് അപ്രതീക്ഷിതമായി ഉയരുന്നു

അടുത്ത കാലത്തൊന്നും ഇത്രയും പ്രതിസന്ധിയിലേയ്ക്ക് നിർമാണ മേഖല പോയിട്ടില്ല. വിലക്കയറ്റവും സാധനങ്ങളുടെ കുറവും തൊഴിലാളി ക്ഷാമവും എല്ലാം ഒരേ പോലെ ബാധിക്കുന്നു.

കെ.സുധീർ, ലെൻസ് ഫെഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL