SignIn
Kerala Kaumudi Online
Monday, 18 May 2026 5.02 AM IST

പാലക്കാട് പ്ലസ് വണിന് സീറ്റ് ക്ഷാമമില്ല, ആശങ്കവേണ്ട

pls-one
students

പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ പാലക്കാട് ജില്ലയിലെ വിദ്യാർത്ഥികൾ ആരും തുടർ പഠനത്തിന് സീറ്റ് ലഭിക്കാതെ പുറത്തിരിക്കേണ്ടി വരില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെ 152 സ്‌കൂളിലായി ജില്ലയിൽ ആകെ 35,720 പ്ലസ് വൺ സീറ്റുകളാണുള്ളത്. 63 സർക്കാർ സ്‌കൂളുകൾ, 62 എയ്ഡഡ്, 27 അൺ എയ്ഡഡ് സ്‌കൂളുകളിലായാണ് സീറ്റുകളുള്ളത്. സയൻസ് 18,489, കൊമേഴ്സ് 8,939, ഹ്യുമാനിറ്റീസ് 8,292 എന്നിങ്ങനെയാണ് സീറ്റ് നില. കൂടാതെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 18 സർക്കാർ സ്‌കൂളുകളിലും ഏഴ് സ്വകാര്യ സ്‌കൂളിലുമായി 2,230 സീറ്റുകളുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ സീറ്റുകളുടെ എണ്ണം 37,950 ആകും. ഒമ്പത് ഗവ. ഐ.ടി.ഐകളിലെ 28 ട്രേഡുകളിലായി 2,110 സീറ്റുകളും 21 സ്വകാര്യ ഐ.ടി.ഐകളിലായി 1,740 സീറ്റുമുണ്ട്. ഇത്തവണ 38,828 കുട്ടികൾ പരീക്ഷയെഴുതിയതിൽ 38,164 കുട്ടികൾ വിജയിച്ചു. കഴിഞ്ഞ അദ്ധ്യയനവർഷം എല്ലാ സർക്കാർ സ്‌കൂളുകളിലും 30 ശതമാനവും എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനവും മാർജിനൽ സീറ്റ് വർദ്ധന സർക്കാർ അനുവദിച്ചിരുന്നു. ഇത് നിലവിൽ വന്നതോടെ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും സീറ്റുറപ്പാണ്. എന്നാലും സീറ്റ് വർദ്ധനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. വർദ്ധന നിലവിൽ വരുന്നതോടെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഒരു ക്ലാസിൽ 65 കുട്ടികളായും അൺ എയ്ഡഡ് സ്‌കൂളുകളിൽ 60 ആയും വർദ്ധിക്കും. സീറ്റ് വർദ്ധന സംബന്ധിച്ച് ഈ ആഴ്ച ഉത്തരവ് വരുമെന്നാണ് കരുതുന്നത്. ഇത് കൂടിയാകുന്നതോടെ ഇത്തവണ ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റ് പ്ലസ് വണ്ണിന് ലഭിക്കുമെന്നാണ് കരുതുന്നത്. അതിനാൽ സേ പരീക്ഷ പാസായി എത്തുന്ന വിദ്യാർത്ഥികൾക്കുകൂടി സീറ്റ് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, PLUS ONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL