SignIn
Kerala Kaumudi Online
Monday, 18 May 2026 4.56 AM IST

നീറ്റ് യു.ജി പരീക്ഷ: ചോദ്യം ചോർത്തിയത് നടത്തിപ്പുകാർ

neet

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ)​ നിന്നാണെന്ന സംശയം ബലപ്പെട്ടു. സി.ബി.ഐ അന്വേഷണം പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും സമിതി അംഗങ്ങളിലേക്കുമെത്തി. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ചോദ്യപേപ്പർ തയ്യാറാക്കാൻ എൻ.ടി.എ നിയോഗിച്ച വിദഗ്ദ്ധസമിതിയിലെ രണ്ട് അദ്ധ്യാപകർ പിടിയിലായിരുന്നു.

ബോട്ടണി, സുവോളജി ചോദ്യപേപ്പർ തയ്യാറാക്കിയ ബയോളജി അദ്ധ്യാപിക മനീഷ ഗുരുനാഥ് മന്ഥാരെ, രസതന്ത്രം അദ്ധ്യാപകൻ പി.വി. കുൽക്കർണി എന്നിവരെയാണ് പൂനെയിൽ നിന്ന് സി.ബി.ഐ അറസ്റ്റു ചെയ്‌തത്. ചോദ്യം ചെയ്യലിനിടെ ചില ഉദ്യോഗസ്ഥരുടെ പേരുകൾ ഇവർ പറഞ്ഞെന്നാണ് വിവരം.

ഏപ്രിൽ 27ന് ഈ അദ്ധ്യാപകരും മറ്റു പ്രതികളും എൻ.ടി.എയിലെ ചില ഉദ്യോഗസ്ഥരും ചോദ്യപേപ്പറും ഉത്തരസൂചികയും ചോർത്തിയെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. മേയ് മൂന്നിനായിരുന്നു പരീക്ഷ. റാക്കറ്റിലെ മുഖ്യകണ്ണിയും ബ്യൂട്ടീഷ്യനുമായ പൂനെ സ്വദേശി മനീഷ വാഗ്‌മാറെ ഇടനില നിന്നാണ് ചോദ്യപേപ്പർ മറ്റിടങ്ങളിലെത്തിച്ചത്. കൈപ്പടയിൽ എഴുതിയ കെമിസ്ട്രി ചോദ്യപേപ്പ‌ർ കുൽക്കർണി മനീഷയ്‌ക്ക് കൈമാറിയെന്നും സ്ഥിരീകരിച്ചു. ഇത് പരീക്ഷയ്‌ക്കു ശേഷം കത്തിച്ചെന്നും സംശയമുണ്ട്.

അതിനിടെ മനീഷ മന്ഥാരെയെ ഇന്നലെ ഡൽഹി റൗസ് അവന്യു കോടതി 14 ദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഇവർ പൂനെയിലെ വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തിയും വിദ്യാർത്ഥികൾക്ക് ബോട്ടണി, സുവോളജി ചോദ്യങ്ങൾ ചോർത്തി. ഇതിനായി ലക്ഷങ്ങൾ വാങ്ങിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 9 പ്രതികളാണ് അറസ്റ്റിലായത്.

 2025ലും ചോർത്തിയെന്ന് റിപ്പോർട്ട്

അറസ്റ്രിലായ ഉദയപൂരിലെ ബി.ജെ.പി പ്രാദേശിക നേതാവ് ദിനേശ് ബിവാൽ,​ സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത മകൻ വികാസ് ബിവാൽ എന്നിവർ 2025ലെ നീറ്റ് യു.ജി ചോദ്യപേപ്പ‌ർ ചോർത്തിയെന്നും റിപ്പോർട്ടുണ്ട്. മറ്റൊരു പ്രതിയായ ഹരിയാന ഗുരുഗ്രാം സ്വദേശി നേരത്തെ അറസ്റ്റിലായ യഷ്‌യാദവിന് 25 ലക്ഷം നൽകിയാണ് ചോദ്യപേപ്പ‌ർ സംഘടിപ്പിച്ചത്. 2025ൽ ബിവാൽ കുടുംബത്തിലെ നാല് വിദ്യാർത്ഥികൾ നല്ല മാർക്കോടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയതും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

'മോദി ഉത്തരം പറയണം"

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്തിന്റെ ചോദ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണം. എന്തുകൊണ്ടാണ് ചോദ്യപേപ്പർ തുടർച്ചയായി ചോരുന്നത്? കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് എന്തുകൊണ്ട്".

- രാഹുൽ ഗാന്ധി,

ലോക്‌സഭാ പ്രതിപക്ഷ നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360