പത്തനംതിട്ട: പാവം പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി കിട്ടുമെങ്കിൽ വീണ്ടും മല കയറാൻ ഒരുക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് തന്നെ അറസ്‌റ്റു ചെയ്‌ത വനിതാ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ചുകൊണ്ടാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്.
'അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട നിലയിലാണ് പാവം പൊലീസുകാർ അവിടെ ജോലി ചെയ്യുന്നത്. എന്നെ തടയുന്നതിന്റെ പേരിൽ ഡി.ജി.പി ഇനിയും ഗുഡ് സർവീസ് എൻട്രികൾ നൽകുമെങ്കിൽ വീണ്ടും ശബരിമലയിലേക്ക് പോകാൻ തയ്യാറാണ്. ജോലിയിൽ നിന്ന് വിരമിച്ച തന്നെ കൊണ്ട് ഇങ്ങനെയെങ്കിലും ചില ഉപകാരങ്ങൾ ഉണ്ടാകുമല്ലോ' -ശശികല പറഞ്ഞു.
ശബരിമല ദർശനത്തിന് പോകാനൊരുങ്ങിയ ശശികലയെ മരക്കൂട്ടത്ത് വച്ച് തടയുകയും പിന്നീട് പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ പൊലീസിലെ 10 പേർക്കാണ് ഡി.ജി.പി സദ്‌സേവന രേഖയും ക്യാഷ് അവാർഡും നൽകുന്നത്. സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനിൽകുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനിൽകുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥർ.
ഉദ്യോഗസ്ഥർ സ്‌തുത്യർഹമായ സേവനമാണ് ചെയ്‌തതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിൽ പറയുന്നു. സി.ഐ.മാർക്ക് 1000 രൂപവീതവും എസ്.ഐ.മാർക്ക് 500 രൂപ വീതവുമാണ് പാരിതോഷികം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |