കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ എം.പിയും ബംഗാളി നടനുമായ തപസ് പാലിന്റെ മരണത്തിന് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമത ബാനർജി. തപസ് പാലിന്റെ അകാല മരണത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ കുടിപ്പകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് തപസ് പാൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
'കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദം മൂലം നിരവധി പേർ മരിച്ചു. ഏജൻസികളുടെ സമ്മർദ്ദത്തെ തുടർന്ന് മൂന്ന് പേർ മരിച്ചു. ആദ്യം മുൻ ടി.എം.പി എം.പി സുൽത്താൻ അഹമ്മദ്, പിന്നെ ടി.എം.സി എം.പി പ്രസുൻ ബാനർജിയുടെ ഭാര്യ, ഇപ്പോൾ തപസ് പാൽ. ഈ മരണങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ കുടിപ്പക കാരണമാണ് സംഭവിച്ചത്'- മമത ബാനർജി പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാരും സി.ബി.ഐയും മാനസികമായി പീഡിപ്പിച്ചതാണ് തപസ് പാലിന്റെ മരണത്തിന് കാരണമായതെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണം ബി.ജെ.പി തള്ളി. മകളെ കാണാൻ മുംബയ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് തപസിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ദീർഘനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
2016ലെ റോസ് വാലി ചിറ്റ് ഫണ്ട് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്യുന്നതോടെയാണ് തപസ് പാൽ സിനിമാ ജീവിതം ഉപേക്ഷിച്ച് പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. രണ്ടുതവണ പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറിൽ നിന്ന് എം.പിയായി ലോക്‌സഭയിലെത്തിയ വ്യക്തിയാണ് തപസ് പാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |