നിരീക്ഷണ സമിതികൾ വീഴ്ച വരുത്തരുതെന്ന് മന്ത്രി ജി. സുധാകരൻ
ആലപ്പുഴ:കൊവിഡ് നിരീക്ഷണത്തിലും ക്വാറൈന്റൈനിലും കഴിയുന്നവർ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മന്ത്റി ജി.സുധാകരൻ നിർദ്ദേശിച്ചു. മന്ത്റിസഭാ തീരുമാനത്തെ തുടർന്ന് കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്റി.
കൊവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കും പ്രത്യേക ശ്രദ്ധ നൽകണം. ഏറ്റവും കൂടുതൽ ജാഗ്രത വേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. ട്രെയിനിൽ ആലപ്പുഴയിലിറങ്ങുന്ന യാത്രക്കാരെ നിയന്ത്റിച്ച് പരിശോധനകൾ നടത്താൻ പ്രത്യേക ക്രമീകരണം ആലപ്പുഴ റയിൽവെ സ്റ്റേഷനിൽ ഏർപ്പെടുത്തിയതായി കളക്ടർ എം.അഞ്ജന പറഞ്ഞു. ജില്ലയിൽ രജിസ്റ്റർ ചെയ്യാത്തവരെപ്പോലും നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞു. ഹോം ക്വാറന്റൈൻ ലംഘിച്ചതിന് 15 പേർക്കെതിരെ നടപടിയെടുത്തെന്ന് ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.എം.എൽ.എമാരായ ആർ.രാജേഷ്, സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ധനമന്ത്റി തോമസ് ഐസക്കിന്റെ പ്രതിനിധി കെ.ഡി. മഹീന്ദ്രൻ, പ്രതിപക്ഷ നേതാവിന്റെ പ്രതിനിധി ജോൺ തോമസ് എന്നിവരും വീഡിയോകോൺഫറൻസിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു
ചുമതല സെക്രട്ടറിമാർക്ക്
പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെയും ഹോം ക്വാറന്റൈൻ, ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശങ്ങൾ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൃത്യമായി ലഭിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഇതിന്റെ ഫണ്ട് സംബന്ധിച്ച് സർക്കാർ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ടാൽ കളക്ടറുമായി ബന്ധപ്പെടണം. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വഴി ഫണ്ട് ലഭ്യമാക്കാനും മന്ത്റി നിർദ്ദേശിച്ചു. വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന സമിതികൾ വരുത്തുന്ന കൃത്യവിലോപം ഗുരുതര വീഴ്ചയായി കണക്കാക്കും.
821 മുറികൾ, 7000 കിടക്ക
ആറ് നഗരസഭകളിലും 44 പഞ്ചായത്തുകളിലുമായി 821 മുറികളും 7000 കിടക്കകളും തയ്യാറാണ്. ഇതിൽ 472 മുറികളിൽ ആളെ പ്രവേശിപ്പിച്ചിട്ടുണ്ട്. 20,000 കിടക്കകൾ ഇടാനുള്ള സ്ഥലവും കണ്ടെത്തി.ആത്മ വിശ്വാസത്തോടെയാണ് പ്രവർത്തനങ്ങൾ. സമൂഹ വ്യാപനം ഉണ്ടാകാതെ നോക്കേണ്ടത് ഏറെ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |