മുംബൈ: കൊവിഡ് 19 വൈറസ് വ്യാപന കാലത്ത് മഹാരാഷ്ട്രയിൽ ഏറ്റവുമധികം പേർ രോഗികളാവുകയും മരിക്കുകയും ചെയ്തതോടെ കോൺഗ്രസ് തന്ത്രപൂർവ്വം ഭരണകക്ഷിയിൽ നിന്നും പിന്മാറാൻ നീക്കമെന്ന് സൂചന. മഹാവികാസ് അഗാഡിയ്ക്ക് നേതൃത്വം നൽകുന്ന ശിവസേനയ്ക്ക് മാത്രമാണ് ഈ അവസ്ഥയുടെ ഉത്തരവാദിത്വമെന്ന് വരുത്തി തീർത്ത് രക്ഷപ്പെടാനാണ് നീക്കം. നിലവിൽ ബി.ജെ.പിയെ തന്ത്രപൂർവം പ്രതിപക്ഷത്ത് ഇരുത്തി കോൺഗ്രസ്, എൻ.സി.പി, ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്.
ഭരണത്തിൽ കാര്യമായ പരിഗണന കിട്ടാത്തതും ശിവസേനയുടെയും എൻ.സി.പിയുടെയും വല്ല്യേട്ടൻ മനോഭാവവുമാണ് കോൺഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണം. ഈ സമയത്ത് ഭരണത്തിൽ നിന്നും പിൻമാറിയാൽ ഭാവിയിൽ ഉണ്ടാകുന്ന തിരിച്ചടിയിൽ നിന്നും രക്ഷപ്പെടാമെന്നാണ് കണക്ക് കൂട്ടൽ.
കഴിഞ്ഞ ദിവസം എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടത് ഇത്തരം പ്രതിസന്ധിയെ തുടർന്നാണെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം സഖ്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് നിഷേധിച്ചു. പ്രതിസന്ധി മുതലെടുത്ത് ഭരണം പിടിക്കാൻ ബി.ജെ.പിയും തയ്യാറെടുക്കുകയാണ്.
ആകെ 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ ഉണ്ടായിട്ടാണ് ബി.ജെ.പി പ്രതിപക്ഷത്ത് ഇരിക്കുന്നത്. നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് വേണ്ടയിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമായി ശിവസേനയും ബി.ജെ.പിയും മത്സരിച്ച് 161 സീറ്റുകൾ നേടിയിരുന്നു. തുടർന്നുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് 56 സീറ്റുകളുള്ള ശിവസേന ഈ ബാന്ധവം ഉപേക്ഷിച്ച് പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി ദേവേന്ദ്ര ഫട്നാവിസ് രംഗത്തെത്തി. ശിവസേനയെയും ഉദ്ധവ് താക്കറെയെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നാണ് ഫട്നാവിസിന്റെ ആരോപണം. കോൺഗ്രസ് സർക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയല്ല, ഭരണകക്ഷിയാണ്. അവർക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഓടിയൊളിക്കാനാവില്ലെന്നും ഫട്നാവിസ് പറഞ്ഞു. അതൃപ്തിയുണ്ടായാൽ ശിവസേനയുടെ വിലപേശൽ ശേഷി കുറയുമെന്നും തങ്ങളുടെ ക്യാമ്പിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ.
നിലവിൽ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയിലും കാര്യങ്ങൾ നിയന്ത്രണാതീതമായി മുന്നോട്ട് പോകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |