കല്ലറ: രണ്ടാം ഘട്ട വികസനത്തോടെ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാൻ കാത്തിരുന്ന കടലു കാണിപ്പാറയുടെ വികസനം ഇനിയും നീളാൻ സാദ്ധ്യത. ടൂറിസം സീസണിന് മാസങ്ങൾ മാത്രം അവശേഷിക്കെ മറ്റു ടൂറിസം പ്രദേശങ്ങളെ പോലെ കടലു കാണിപ്പാറയും വികസനത്തിൽ തല ഉയർത്തി നിൽക്കുമെന്ന് പ്രദേശവാസികളും വിനോദ സഞ്ചാരികളും സ്വപ്നം കണ്ടിരിക്കുമ്പോഴാണ് മഹാമാരിയായി കൊവിഡ് എത്തിയത്. കടലു കാണിപ്പാറയുടെ രണ്ടാംഘട്ട വികസനത്തിനായി നിർവഹണ ഏജൻസിയെ നിശ്ചയിക്കുകയും ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം കൂടുകയും ചെയ്തിരുന്നു. ഐതിഹ്യവും വിനോദവും സാഹസികതയും ഒത്തുചേർന്ന് വിനോദ സഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളുമായി സ്ഥിതി ചെയ്തിരുന്ന കടലു കാണിപ്പാറ അർഹിച്ച പരിഗണന കിട്ടാതെ അവഗണനയിലായിരുന്നു. ഇത് ചൂണ്ടി കാട്ടി കേരള കൗമുദി 'അവഗണന തല ഉയർത്തിയ കടലു കാണിപ്പാറ' എന്ന തലക്കെട്ടിൽ വാർത്ത നൽകിയുന്നു. ഇതേ തുടർന്ന് ഈ വിഷയം നിയമസഭയിൽ സബ് മിഷനു വയ്ക്കുകയും തുടർന്ന് രണ്ടാം ഘട്ട വികസനത്തിന് സർക്കാർ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി ടൂറിസം വകുപ്പിന്റെ എംപാനൽഡ് ആർക്കിടെക്ടിനെ പ്രോജക്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിക്കായി വർക്കിംഗ് ഗ്രൂപ്പിന് മുമ്പായി സമർപ്പിക്കണം. മാർച്ച് മാസത്തോടെ പണി ആരംഭിക്കാനായിരുന്നു പ്ലാൻ. എന്നാൽ കൊവിഡിന്റെ വരവോടെ ഇതെല്ലാം തകരുകയായിരുന്നു.
കാഴ്ചക്കാരെ വിരുന്നൂട്ടി.....
-----------------------------------------------------------------
സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴി എന്ന പ്രദേശത്തായി കടലു കാണിപ്പാറ സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ. ഇവിടെ നിന്നുള്ള സൂര്യാസ്തമയവും മഞ്ഞുകാലത്തെ പ്രഭാതങ്ങളും മനോഹര കാഴ്ചയാണ്.
ഗുഹയും ഐതിഹ്യവും
--------------------------------------------------
പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഗുഹയിൽ സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും ചില യോഗിവര്യന്മാർ ഇവിടെ വന്നിരുന്നെന്നും പറയപ്പെടുന്നു. ഗുഹയെയും പാറയെയും ബന്ധിപ്പിച്ചു നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠയാണുള്ളത്.
പദ്ധതിയിൽ ഇനി വേണ്ടത്
----------------------------------
സർക്കാരിന്റെ വിനോദസഞ്ചാര പാക്കേജിൽ ഉൾപ്പെടുത്തണം
സുരക്ഷ ശക്തമാക്കി സഞ്ചാരികൾക്ക് സംരക്ഷണം നൽകണം
സുരക്ഷയ്ക്കായി പാറയിൽ കമ്പിയഴികൾ സ്ഥാപിക്കണം
ശുദ്ധജലം ഉറപ്പാക്കണം, വൃത്തിയുള്ള ടോയ്‌ലെറ്റ് ഒരുക്കണം
പാറയിലേക്കുള്ള ഗതാഗത സൗകര്യം കുറ്റമറ്റതാക്കണം
രണ്ടാം ഘട്ട വികസനത്തിന്
അനുവദിച്ചത് 1.87 കോടി
രണ്ടാം ഘട്ടത്തിൽ
ലൈറ്റിനിംഗ്
ലാൻഡ്സ്കേപിംഗ്
ഇറിഗേഷൻ
ഇരിപ്പിടങ്ങൾ
സി.സി ടിവി
ചിൾഡ്രൻസ് പാർക്ക്
സുരക്ഷാവേലി
പൂന്തോട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |