തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവും സംവിധായകനും ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിലൊരാളും മാനേജിംഗ് ഡയറക്ടറുമായിരുന്ന കുളത്തൂർ ഭാസ്‌കരൻനായർ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കാഞ്ഞിരംപാറ കൈരളിനഗർ കുളത്തൂർ ഭവനത്തിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ലോകനിലവാരത്തിലേക്ക് മലയാള സിനിമയെ ഉയർത്തിയ സ്വയംവരം, കൊടിയേറ്റം തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്. 1965ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രപഠനം പൂർത്തിയാക്കിയെത്തിയ അദ്ദേഹം അടൂർ ഗോപാലകൃഷ്ണനുമായി ചേർന്നാണ് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ 'ചിത്രലേഖ'യ്ക്ക് രൂപം നൽകിയത്. സഹകരണ മേഖലയിലെ ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമായിരുന്നു ഇത്.
1936ൽ നെയ്യാറ്റിൻകര കുളത്തൂരിലാണ് ജനനം. മധുരയിലെ ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് റൂറൽ സർവീസിലും മുംബയ് ഭാരതീയ വിദ്യാഭവനിൽ നിന്ന് അഡ്വർടൈസിംഗ് ആൻഡ് പബ്ളിക് റിലേഷൻസിലും ബിരുദം നേടി. സംസ്ഥാന വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഫിലിം സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവിന്റെ പൂർണസമയ മാനേജിംഗ് ഡയറക്ടറായതോടെ ജോലി രാജിവച്ചു. കെട്ടിട നിർമ്മാണ രംഗത്തും തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഭാരത് സേവക് സമാജ് മാഗസിന്റെ എഡിറ്ററായും പ്രവർത്തിച്ചു. മുപ്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മാർത്താണ്ഡവർമ്മ, കുരുതി, കർപ്പൂരപ്പൂട്ട് തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.
പരേതയായ ലീലാംബികയാണ് ഭാര്യ. മകൾ അഡ്വ. ബി. സിന്ധു (ഡയറക്ടർ, ഇന്റിമേറ്റ് ഹോംസ്), മരുമകൻ: വിനിൽ എസ്. നായർ (മാനേജിംഗ് ഡയറക്ടർ, ഇന്റിമേറ്റ്‌സ് ഹോംസ്). സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
ചിത്രലേഖയുടെ ബാനറിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത,1972ൽ പുറത്തിറങ്ങിയ സ്വയംവരം നേടിയത് നാല് ദേശീയ പുരസ്‌കാരങ്ങളാണ്. 1978ൽ ഇരുവരും കൈകോർത്ത 'കൊടിയേറ്റ'ത്തിലൂടെ ഭരത് ഗോപിക്ക് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |