തിരുവനന്തപുരം: കാഴ്ചയെന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച ദൃശ്യാനുഭവം ഒരുക്കി മലയാള സിനിമയിൽ ചുവടുറപ്പിച്ച സംവിധായകനാണ് ബ്ളെസി. തുടർന്ന് തന്മാത്ര, പളുങ്ക്, കൽക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ വിഷയങ്ങളിലൂന്നി കഥ പറഞ്ഞ സംവിധായകനിൽ നിന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കിയുള്ള 'ആടുജീവിതം'.
ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോർദാനിലെത്തിയ സംഘം ലോക്ക് ഡൗണിൽ കുടുങ്ങുകയും അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ബ്ളെസി ഷൂട്ടിംഗിനിടെ കൈക്കുണ്ടായ പരിക്ക് കാരണം വീട്ടിലാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. 14 ദിവസമാണ് സർക്കാർ നിർദേശിച്ചിരുന്നതെങ്കിലും 28 ദിവസം ഹോം ക്വോറന്റൈൻ പൂർത്തിയാക്കിയ ശേഷം ആടുജീവിതത്തിന്റെ ബാക്കി ജോലികളിലേക്ക് കടന്നിരിക്കെയാണ് സംവിധായകൻ. തിരക്കിനിടയിലും 'ഫ്ളാഷി'നോട് മനസ് തുറക്കുകയാണ് ബ്ളെസി.
കൊവിഡ് കാലത്തെ 'ആടുജിവിതം'
നഗരത്തിൽ നിന്നെല്ലാം വളരെ അകന്ന് ജോർദാനിലെ വാദിറാം എന്ന മരുഭൂമിയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം നടന്നത്. അതുകൊണ്ടുതന്നെ കൊവിഡിനെ കുറിച്ചോ അതിന്റെ രൂക്ഷതയെ കുറിച്ചോ അറിയാൻ കഴിഞ്ഞിരുന്നില്ല. നെറ്റിൽകൂടിയും ടിവി വാർത്തകളിൽ കൂടിയുമാണ് കാര്യങ്ങൾ മനസിലാക്കിയത്. ഷൂട്ടിംഗ് ഗ്രൂപ്പ് മാത്രമായിരുന്നതിനാൽ പ്രത്യേകിച്ച് ഒരു സാമൂഹ്യ അകലത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ, നാട്ടിൽ വന്നതിനു ശേഷമാണ് സമൂഹ്യ അകലം എത്രത്തോളം വേണ്ടിവരുന്നുവെന്ന് മനസിലാക്കുന്നത്. മരുഭൂമിയിലായതുകൊണ്ടു തന്നെ ലോക്ക് ഡൗണിന്റെ അനുഭവം അവിടെ ലഭിച്ചിരുന്നില്ല. ആടുജീവിതത്തിന്റെ മൂന്ന് ഷെഡ്യൂളാണ് കഴിഞ്ഞത്. രണ്ട് ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. നാൽപ്പത് ശതമാനം ഷൂട്ടിംഗും ശേഷിക്കുന്നു. അൾജീരിയയിലും ജോർദാനിലുമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. 45 ലക്ഷം രൂപ ബഡ്ജറ്റിലാണ് ചിത്രം ആരംഭിച്ചതെങ്കിലും ഷൂട്ടിംഗ് മുടങ്ങിയ സാഹചര്യത്തിൽ അതിനനുസരിച്ചുള്ള വ്യത്യാസം വരുമെന്നതിനാൽ അതിന്റെ ആലോചനകളും ഇതിനൊപ്പം നടക്കുകയാണ്. പൃഥ്വിരാജിനെ ഈ രൂപത്തിലേക്ക് മാറ്റിയെടുത്തതിനെ കുറിച്ച് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പറയാം.
ക്വാറന്റൈൻ കാലം
40 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വലിയൊരു ശ്രമത്തിന്റെ ഭാഗമായാണ് നാട്ടിലേക്ക് എത്താനുള്ള വഴിയൊരുങ്ങുന്നത്. നാട്ടിലെത്തിയപ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് ഉപരിയായി കേരളം എത്ര ഗൗരവമായാണ് ക്വാറന്റൈനെ കാണുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞത്. സാമൂഹ്യ അകലം പാലിക്കുക, വീട്ടിൽ തന്നെ നിൽക്കുന്നവരോട് സംസാരിക്കാതിരിക്കുക, നമ്മൾ തനിച്ചാകുന്ന അവസ്ഥ.... ഇതൊക്കെ ആദ്യാനുഭവമെന്ന രീതിയിലാണ് ആ സമയത്ത് കാണാൻ കഴിഞ്ഞത്. നാട്ടിൽ തിരിച്ചെത്തിയതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചതു കൊണ്ടുതന്നെ മാദ്ധ്യമങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അന്വേഷണങ്ങളും ആദ്യനാളുകളിൽ ഉണ്ടായിരുന്നു.
കൊവിഡ് പ്രതിരോധം
കൊവിഡിനെ നേരിടുന്നതിൽ കേരളത്തിലുള്ളൊരു കോ - ഓർഡിനേഷൻ മറ്റ് സ്ഥലങ്ങളിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ഇവിടത്തെ ആരോഗ്യപ്രവർത്തകരുടെയും മറ്റു വിഭാഗങ്ങളുടെയും കരുതൽ നമുക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
അടുത്തത് മോഹൻലാൽ ചിത്രമോ?
പ്രത്യേകിച്ച് ഒരു പ്ളാനിംഗ് ഒന്നുമില്ല. ഇപ്പോൾ ആടുജീവിതത്തിന്റെ ധാരാളം കടമ്പകൾ കടന്ന് മുന്നോട്ട് പോകേണ്ടതിനാൽ മറ്റൊന്നിനെ കുറിച്ചും ആലോചിക്കുന്നില്ല.
ഏറ്റവും കംഫർട്ടബിൾ
ഇതുവരെ എടുത്ത സിനിമകളിൽ അഭിനയിച്ച താരങ്ങളെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. അവരുടെ പ്രായം, സ്വഭാവം എന്നിവയനുസരിച്ച് ഓരോരുത്തരുമായും വ്യത്യസ്തമായ ബന്ധങ്ങളല്ലേ.. എല്ലാവരുമായും നല്ല സൗഹൃദത്തിലാണ്. ഒരു കഥാപാത്രം മനസിൽ തോന്നുമ്പോഴാണല്ലോ അത് അഭിനേതാവിലേക്ക് എത്തുന്നത്. അത് അവരുടെ വ്യക്തിപരമായ ബന്ധങ്ങൾ കൊണ്ടോ ഇടപെടൽകൊണ്ടോ ഉണ്ടാകുന്നതല്ല.
ഒ.ടി.ടി റിലീസ് ഓൺലൈൻ പഠനം പോലെ
ഒ.ടി.ടി റിലീസ് ഒരിക്കലും ഒരു സിനിമയുടെ പ്രദർശനവും സിനിമയുടെ വ്യാപാരവുമായും ബന്ധപ്പെട്ട് മുഖ്യധാരയായി മാറുമെന്ന് വിചാരിക്കുന്നില്ല. സിനിമ തിയേറ്ററിൽ പോയി ആസ്വദിക്കുന്നതിന്റെ അനുഭവം സ്കൂളിൽ പോയി പഠിക്കുന്നതും ഓൺലൈനിൽ പഠിക്കുന്നതും പോലുള്ള വ്യത്യാസമുണ്ട്. പുതിയതായി സിനിമയിൽ എത്തുന്നവർക്ക് ഒരുപക്ഷേ ഗുണം ചെയ്യുമായിരിക്കാം. എങ്കിൽപ്പോലും അതൊരു ശാശ്വതമായ കാര്യമല്ല. കാരണം ഒ.ടി.ടി പ്ളാറ്റ്ഫോമിലും നല്ല ക്വാളിറ്റിയും മറ്റ് യോഗ്യതകളും പരിഗണിക്കപ്പെടാം. സിനിമയ്ക്ക് മറ്റൊരു റവന്യു ഉണ്ടാകാൻ സാദ്ധ്യതയുള്ള ഡിജിറ്റൽ പ്ളാറ്റ്ഫോം എന്നതിനപ്പുറം എല്ലാ സിനിമകളും ഒ.ടി.ടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്നും തോന്നുന്നില്ല.
കൊവിഡ് കഴിഞ്ഞുള്ള മലയാള സിനിമ
എല്ലാം നല്ലതെന്ന് കരുതി മുന്നോട്ട് ചിന്തിക്കാനേ നമുക്കിപ്പോൾ കഴിയൂ. കൊവിഡ് എപ്പോൾ കഴിയും, എങ്ങനെ കഴിയും എന്നൊന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്. തീർച്ചയായും എല്ലാം ശരിയാകും. ശരിയാകണേ എന്നുള്ള വിശ്വാസത്തോടും പ്രാർത്ഥനയോടുംകൂടി കഴിയുക എന്നുമാത്രമേ ഇപ്പോൾ പറയാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |