കാസർകോട്: ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. മീയപദവ് ബേരിക്ക കെദംകോട്ടിലെ എം. ശിവപ്രസാദ് (32), സഹോദരൻ എം. ഉമേശ് (34), ബജങ്കളയിലെ എം. നന്ദേഷ് (24), കൊദുംകോട്ടിലെ കെ. ജനാർദ്ദനൻ (49) എന്നിവരെയാണ് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ഇ. അനുപ്കുമാറും സംഘവും അറസ്റ്റുചെയ്തത്. പ്രതികളെ കാസർകോട് ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതക കേസിൽ കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച മൂന്ന് ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. കത്രിക , കമ്പിപ്പാര, വടി എന്നിവയാണ് കണ്ടെടുത്തത്.ബേരിക്ക കെദംകോട്ടയിലെ അന്നു എന്ന കൃപാകര (27) ആണ് വെട്ടും കുത്തുമേറ്റ് ഓഗസ്റ്റ് 26 ന് അർദ്ധരാത്രി മരിച്ചത്. കഞ്ചാവ് ലഹരിയിൽ യുവാവ് അയൽവക്കത്തെ വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആൾക്കൂട്ടം അക്രമാസക്തമായതെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു.അറസ്റ്റിലായ എം.ഉമേശിനു പുറമേ ജിതേഷിനും കൊല്ലപ്പെട്ട യുവാവിന്റെ അക്രമത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |