കണ്ണൂർ: ഒരു പ്രദേശത്തിന്റെ തന്നെ ജലസംഭരണിയായ കുന്ന്, ക്വാറി ഉടമകൾ ചേർന്ന് അനധികൃത ഖനനം നടത്തി ഇല്ലാതാക്കുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ഇരമ്പുന്നു. ചെറുവാഞ്ചേരി പ്രദേശത്തെ നവോദയ കുന്നാണ് ഖനനം മൂലം നശിച്ചു കൊണ്ടിരിക്കുന്നത്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഈ കുന്നിന്റെ പരിസരത്ത് താമസിക്കുന്നത്. മരങ്ങൾ നശിപ്പിച്ച് ഖനനം നടക്കുന്നതിനാൽ ചെറിയ മഴ പെയ്താൽ തന്നെ ശക്തമായ മണ്ണൊലിപ്പാണ് ഈ പ്രദേശത്ത്.
ചെങ്കൽ ക്വാറികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം ഈ കുടുംബങ്ങളുടെ കുടിവെള്ളം മലിനമാക്കുകയാണ്. ഈ കുന്നിൽ നിന്നും ആരംഭിക്കുന്ന തോടിൽ ഇപ്പോൾ ചെളിവെള്ളമാണ് ഒഴുകുന്നതെന്ന് നാട്ടുകാർ പറയുന്നു. കാർഷിക ആവശ്യങ്ങൾക്കുപോലും ആശ്രയിക്കാൻ പറ്റാത്ത വിധത്തിലാണ് തോടിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും നാട്ടുകാർ പറയുന്നു. പരാതികൾ നിരവധി കൊടുത്തിട്ടുണ്ടെങ്കിലും അധികൃതരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് സ്വകാര്യ വ്യക്തികൾ ലൈസൻസ് പോലുമില്ലാതെ ഇവിടെ ഖനനം നടത്തുന്നത്.
മണ്ണൊലിപ്പിന് പുറമെ ഉരുൾപ്പൊട്ടൽ ഭീഷണിയും നിലനിൽക്കുന്നത് നാട്ടുകാരെ ആശങ്കപ്പെടുത്തുകയാണ്. പുലർച്ചെ മുതൽ വലിയ ശബ്ദത്തോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഇവിടങ്ങളിലുള്ളവരുടെ സ്വൈരജീവിതം ഇല്ലാതാക്കുകയാണ്. പ്രദേശത്തെ ഖനനം നിർത്തി വയ്ക്കണമെന്ന് നാട്ടകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
പരാതി നൽകിയിട്ടും പരിഹാരമില്ല
പാനൂർ എസ്.ഐ ചെങ്കൽ ഖനന മേഖല സന്ദർശിക്കുകയും അപകടഭീഷണിയുടെ തോത് കൃത്യമായി മനസ്സിലാക്കി നിയമ വിരുദ്ധമായ ഖനനം തുടരുതെന്ന താക്കീതും നൽകിയിരുന്നു. എന്നാൽ നവോദയ കുന്ന് കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ നിയമ നടപടികൾ സ്വീകരിക്കുന്നതിൽ പരിമിതികൾ ഉള്ളതിനാൽ നാട്ടുകാർ കണ്ണവം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ജിയോളജി വകുപ്പിനും സബ് കളക്ടർക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്
നശിക്കുന്നത് ജൈവ വൈവിധ്യം
ജൈവ വൈവിധ്യങ്ങളാൽ സമ്പുഷ്ഠമായിരുന്ന നവോദയ കുന്നിൽ നിന്ന് അവയെല്ലാം ഇന്ന് നശിച്ചിരിക്കുകയാണ്. അപൂർവ്വയിനം സസ്യങ്ങളുടെയും പക്ഷി മൃഗാദികളുടെയും ആവാസ കേന്ദ്രം കൂടിയായിരുന്നു ഇവിടം. 50 ലധികം ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും ദിനംപ്രതി നിരവധി ലോഡുകളുമായി ലോറികൾ പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ചെളിവെള്ളം വീട്ടിലെ കിണറിലാണ് എത്തുന്നത്. ലോഡ് കൊണ്ടു പോകുന്ന ഡ്രൈവറോട് കാര്യം പറയാൻ നോക്കിയപ്പോൾ കൈയേറ്റം ചെയ്യാനാണ് ശ്രമിച്ചത്. സ്വകാര്യവ്യക്തികൾ നടത്തുന്ന അനധികൃത ഖനനം ഒരു പ്രദേശത്തിനാകെ ഭീഷണിയാണ്.
ദിലീപൻ കല്ലുവളപ്പ്,
പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |