തിരുവനന്തപുരം:വ്യാപാരികൾക്ക് വില്പന നികുതി കുടിശിക അടയ്‌ക്കാൻ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീം അശാസ്‌ത്രീയമായതിനാൽ ചേരാൻ ആളില്ല. അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ ചുമലിൽ വച്ച് ശിക്ഷാ നടപടികൾക്ക് ശ്രമിക്കുകയാണെന്ന് ജീവനക്കാർ.
59,000 വ്യാപാരികൾ 15,000 കോടി രൂപ നികുതി ജി.എസ്.ടി, വാറ്റ് കുടിശിക അടയ്‌ക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്. ആംനസ്റ്റി നന്നായി നടപ്പാക്കിയാൽ 5,000 കോടിയെങ്കിലും സർക്കാരിന് ലഭിക്കേണ്ടതായിരുന്നു. വ്യാപാരികളിൽ 59 % മാത്രമാണ് രജിസ്റ്റർ ചെയ്തത്. അവരിൽ 60 % മാത്രമാണ് ഓപ്ഷൻ സ്വീകരിച്ചത്. ആളെ കിട്ടാത്തതിനാൽ ആംനസ്റ്റി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.
മുൻകാലങ്ങൾക്ക് വിരുദ്ധമായി ഓരോ വർഷത്തിനും പ്രത്യേകമായി ഇത്തവണത്തെ ആംനസ്റ്രിയിൽ ചേരാനാവില്ല. കേസുള്ളതുൾപ്പടെ മൊത്തം കുടിശികയും തീർക്കേണ്ടി വരും. ഇതിനാലാണ് പദ്ധതിയോട് വ്യാപാരികൾ മുഖം തിരിക്കുന്നത്. പദ്ധതി വിജയിപ്പിക്കാൻ ഓരോ ഉദ്യോഗസ്ഥനും 25 വ്യാപാരികളെ നേരിട്ട് ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. ഇവർ സ്‌കീമിൽ ചേർന്നില്ലെങ്കിൽ ഉദ്യോഗസ്ഥനെതിരെ നടപടി വരും.
ഇളവുകൾ
ആംനസ്റ്റിയിൽ വാറ്റ് കുടിശികയ്‌ക്ക് പിഴയും പലിശയും ഒഴിവാക്കും. നികുതിക്ക് 50 % ഇളവ്. ഒറ്റത്തവണയായി 40% അടച്ചാൽ മതി. വാറ്റിന് പുറമേ സി.എസ്.ടി, ആഡംബര നികുതി, സർചാർജ്, കാർഷികാദായ നികുതി, കെ.ജി.എസ്.ടി എന്നിവ കുടിശികയുള്ളവർക്കും പദ്ധതിയിൽ ചേരാം. കെ.ജി.എസ്. ടിയിൽ 2005 ന് മുമ്പുള്ള കുടിശികയ്ക്ക് പിഴ ഒഴിവാക്കും.
എല്ലാവർക്കും സ്വീകാര്യമായ ആംനസ്റ്റി ആയിരിക്കും എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യാപാരികൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിച്ചെന്നാണ് ആരോപണം. ജീവിതത്തിലൊരിക്കലും ഫീൽഡിൽ പോയിട്ടില്ലാത്ത ഉദ്യോഗസ്ഥർ ജി.എസ്. ടി കമ്മിഷണറെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അപ്രായോഗികമായ സ്‌കീം തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്‌കീം പൊളിയാതിരിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായി ജീവനക്കാർ ആരോപിക്കുന്നു.
കുടിശിക അടയ്‌ക്കുന്നതിൽ ഏറ്റവും പിന്നിൽ എറണാകുളം, മട്ടാഞ്ചേരി, കോഴിക്കോട്
ഭീഷണിപ്പെടുത്തുന്നു
പദ്ധതിയിൽ ചേരാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. കൊവിഡ് കാലത്ത് വ്യാപാരികളെ സഹായിക്കാത്ത സർക്കാർ ഭീഷണിയിലൂടെ ആംനസ്റ്റിയിൽ ചേർക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിലിരിക്കേ ഈ ഭീഷണിയെ വ്യാപാരികൾ നേരിടും.
എസ്. എസ് മനോജ് , സംസ്ഥാന സെക്രട്ടറി.
ആകെ കുടിശിക 15,000 കോടി
ലക്ഷ്യം 5,000 കോടി
കുടിശികക്കാർ 59,000
രജിസ്റ്റർ ചെയ്തത് 33,600
ഓപ്ഷൻ എടുത്തവർ 20,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |