കോട്ടയം: ഇക്കുറി പാമ്പാടി വിട്ടുകൊടുക്കാൻ ഒരു മുന്നണിയും തയ്യാറല്ല. അതിനായി രംഗത്തിറക്കിയിരിക്കുന്നതാകട്ടെ, മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കരുത്തരെ തന്നെ. വിജയം തുടർച്ചയായി യു.ഡി.എഫിനൊപ്പമാണെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന ഡിവിഷനുകളിലൊന്നാണിത്.
ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലം ഉൾപ്പെടുന്ന ഡിവിഷനാണ് പാമ്പാടി. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ ഡിവിഷനും പാമ്പാടിയാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും പാമ്പാടിയോട് പ്രിയം കൂടുതലാണ്. വികസനവും വിവാദങ്ങളും ഏറെയുണ്ടെങ്കിലും കർഷക രാഷ്ട്രീയം തന്നെയാകും പ്രധാനമായും വിധി നിർണയിക്കുക. പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും.
ഡിവിഷനിലെ ചില കേന്ദ്രങ്ങളിൽ കേരളാകോൺഗ്രസ് നിർണായകമാണ്. പൊതുവേ യു.ഡി.എഫ്.കോട്ടയെന്നാണ് വിലയിരുത്തലെങ്കിലും ചില പ്രത്യേക കേന്ദ്രങ്ങളിൽ എൽ.ഡി.എഫിനു ശക്തമായ സ്വാധീനമുണ്ട്. ഡിവിഷനിൽ ശക്തി തെളിയിക്കാൻ ബി.ജെ.പിയും മികച്ച പോരാളിയെ തന്നെയാണു രംഗത്തിറക്കിയിരിക്കുന്നത്.
പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളും അകലക്കുന്നം പഞ്ചായത്തിലെ ഏഴു വാർഡുകളും ഉൾപ്പെടുന്നതാണു പാമ്പാടി ഡിവിഷൻ. പൂർണമായും പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളുമാണിത്.
രാധാ വി.നായർ
രണ്ടു തവണ ഡിവിഷനെ പ്രതിനിധീകരിച്ച കോൺഗ്രസിലെ രാധാ വി. നായരാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. 1991ൽ പുതുപ്പള്ളി ഡിവിഷനിൽ നിന്നു ജില്ലാ കൗൺസിൽ അംഗമായിരുന്നു. 2010 ജില്ലാ പഞ്ചായത്ത് അംഗമായപ്പോൾ ഒരുടേമിൽ പ്രസിഡന്റായി. 40 വർഷമായി എൻ.എസ്.എസ് കരയോഗം വനിതാസമാജം പ്രസിഡന്റാണ്. ഇപ്പോൾ വെള്ളൂർ 311ാം കരയോഗം പ്രസിഡന്റും
എൻ.എസ്.എസ്. പ്രതിനിധി സഭാംഗവുമാണ്. ഡി.സി.സി.സെക്രട്ടറിയും മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.
ഫ്ളോറി മാത്യു
രണ്ടു തവണ അയർക്കുന്നം ഡിവിഷനെ പ്രതിനിധീകരിച്ച സി.പി.എമ്മിലെ ഫ്‌ളോറി മാത്യുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം, പള്ളംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം. അയർക്കുന്നം ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗവുമാണ്. ഒന്നര പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്തുള്ള ഫ്‌ളോറി ഡിവിഷൻ തിരികെ പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ അയർക്കുന്നം ഡിവിഷനിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
മഞ്ജു പ്രദീപ്
14 വർഷമായി അദ്ധ്യാപക രംഗത്തുള്ള മഞ്ജു പ്രദീപാണ് ബി.ജെ.പി. സ്ഥാനാർത്ഥി. കരയോഗം വനിതാ സമാജത്തിൽ ഉൾപ്പെടെ പൊതു പ്രവർത്തന രംഗത്തു സജീവമായുള്ള മഞ്ജു മറ്റക്കര സ്വദേശിയാണ്. വൻ മുന്നേറ്റമാണു ഇത്തവണ ബി.ജെ.പി. ഡിവിഷനിൽ നിന്നു പ്രതീക്ഷിക്കുന്നത്.
നിർണായകം
തുടർച്ചയായി യു.ഡി.എഫിനെ ജയിപ്പിച്ച ഡിവിഷൻ
എതിരാളികൾ രണ്ടും മുൻ ജില്ലാ പഞ്ചായത്തംഗങ്ങൾ
എൽ.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |