ഓടനാവട്ടം: ഓൺലൈൻ പഠനത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച അജ്നയുടെ കുടുംബത്തിന് നടൻ മോഹൻലാലിന്റെ കൈത്താങ്ങ്. വെളിയം പഞ്ചായത്ത് വാളിയോട് മറവങ്കോട് മിച്ച ഭൂമി കോളനിയിലെ അജോ ഭവനിൽ ജോസ് - അനിത ദമ്പതികളുടെ ഏക മകൾ അജ്‌നാ ജോസ് കഴിഞ്ഞ നവംബർ 23 നാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാർപോളിൻ കൊണ്ട് മേഞ്ഞ കുടിലിൽ താത്ക്കാലിക ഇലക്ട്രിക് കണക്ഷനിൽ നിന്ന് ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ചാർജ് ചെയ്യവേയാണ് ആറാംക്ളാസുകാരിയായ അജ്നയ്ക്ക് അപകടം സംഭവിച്ചത്. അടച്ചുറപ്പുള്ള ഒരു വീടില്ലാത്ത ഈ കുടുംബത്തിന് മോഹൻലാലിന്റെ ആരാധകരുടെ സംഘടനയായ കുവൈറ്റ് ലാൽ കെയേഴ്‌സും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് വീട് നിർമ്മിച്ച് നൽകുകയാണ്. 650000-/രൂപായാണ് വീടിന്റെ നിർമ്മാണച്ചെലവ്. അജ്‌നാ ജോസിന്റെ സ്മാരകമായി ശാന്തി ഭവനം എന്ന പേരിൽ വീട് സമ്മാനിക്കും. മൂന്ന് മാസങ്ങൾക്കകം നിർമ്മാണം പൂർത്തിയാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വീടിന്റെ ശിലാസ്ഥാപനം എൻ.കെ.പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിൽ മാലയിൽ, എം. ബി. പ്രകാശ്, കെ .പി .സി .സി അംഗം വെളിയം ശ്രീകുമാർ, പ്രസാദ് മലപ്പത്തൂർ, വെളിയം ഉദയകുമാർ, രാകേഷ് ചൂരക്കോട്, ലാൽ കെയേർസ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |