കൊച്ചി:കൊച്ചി സിറ്രി പൊലീസിനെ വെള്ളം കുടിപ്പിച്ച വൈഗ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സാനു മോഹൻ കാർവാറിൽ അറസ്റ്റിലായെങ്കിലും അന്വേഷണ സംഘത്തിന്റെ തലവേദന ഒഴിയുന്നില്ല. വൈഗയെ മരണത്തിന് വിട്ടുകൊടുത്തതിന് പിന്നിലെ ഉദ്ദേശ്യമടക്കം പൊലീസിന് അറിയേണ്ടത് ഇനി അഞ്ച് കാര്യങ്ങളാണ്.
1. മകളെ ഇല്ലാതാക്കിയത് എന്തിന് ?
മാർച്ച് 22നാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തുന്നത്. മകളുമായി സാനു ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു ആദ്യനിഗമനം. പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടെ സാനുവിന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് കടന്നു. ആൾക്കഹോളിന്റെ സാന്നിദ്ധ്യം വൈഗയുടെ ശരീരത്തിലുണ്ടായിരുന്നെന്ന കെമിക്കൽ പരിശോധനാ റിപ്പോർട്ട് അന്വേഷണം വീണ്ടും സങ്കീർണമാക്കി.
2. മറ്റാർക്കെങ്കിലും പങ്കുണ്ടോ?
വൈഗയുടെ മരണത്തിൽ മറ്റാരെങ്കിലും ഉൾപ്പെടാനുള്ള സാദ്ധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. പൂനെയിലുൾപ്പെടെ സാനു നടത്തിയ വലുതും ചെറുതുമായ സാമ്പത്തിക തട്ടിപ്പുകൾ തന്നെയാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധിയും ചിട്ടിതട്ടിപ്പുമടക്കം സാനു മോഹന്റെ കുടുംബ പ്രശ്നങ്ങൾ ഒരോന്നായി പുറത്തു വരികയും ചെയ്തു.
3. ആ ലക്ഷങ്ങൾ എന്തു ചെയ്തു?
2016ൽ പൂനെയിലെ ചിട്ടിതട്ടിപ്പിലൂടെ കൈക്കലാക്കിയ 16 ലക്ഷം രൂപ മുതൽ ഭാര്യ രമ്യ അറിയാതെ അവരുടെ പേരിലുള്ള ഫ്ലാറ്റ് പണയം വച്ച 10ലക്ഷം രൂപയും 40 പവൻ ആഭരണങ്ങൾ പണയം വച്ചതിന്റെ 11.47 ലക്ഷം രൂപയും സ്വന്തമാക്കിയതു വരെയുള്ള സാനുവിന്റെ സാമ്പത്തിക തിരിമറികൾ പൊലീസ് അന്വേഷിച്ചിരുന്നു. രഹസ്യമായി നടത്തിയ ഇടപാടുകളിൽ ചിലതുമാത്രമേ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. പണം എന്തിന് ഉപയോഗിച്ചെന്നും മകളുടെ മരണവുമായി ഇതിനു ബന്ധമുണ്ടോയെന്നും വ്യക്തത വരുത്തേണ്ടതുണ്ട്. സാനു ലോട്ടറിയിലും ചൂതാട്ടത്തിലും ഉൾപ്പെട്ടിരുന്നോ എന്ന സംശയവുമുണ്ട്.
4. ഭീഷണി നേരിട്ടിരുന്നോ?
പൂനെ മുതൽ കൊച്ചി വരെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സാനുവിന് ഭീഷണിയുണ്ടായിരുന്നു എന്ന് പൊലീസ് കരുതുന്നു. മകളെ ഒഴിവാക്കി രക്ഷപ്പെടാനുള്ള ഒരു കാരണം കബളിപ്പിക്കപ്പെട്ടവരുടെ ഭീഷണിയാണോയെന്നതടക്കമുള്ള സംശയങ്ങളിലെ വാസ്തവം തിരയും.
5. ദുരൂഹത നിറഞ്ഞ ഫ്ലാറ്റ്
വൈഗയുടെ മരണത്തിന് പിന്നാലെ കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ നടത്തിയ പരശോധനയിൽ രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് വൈഗയുടേതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും ആരുടേതെന്ന സംശയം ബാക്കിയാണ്. ഒരുഘട്ടത്തിൽ കേസന്വേഷണം ഫ്ളാറ്റിലെ മറ്റ് താമസക്കാരിലേക്ക് കേന്ദ്രീകരിച്ചു. ദിവസ വാടകയ്ക്ക് നൽകുന്ന നിരവധി ഫ്ളാറ്റുകളുള്ള ഈ സമുച്ചയത്തിൽ നിശാ പാർട്ടികളും നടക്കാറുണ്ടായിരുന്നു.
വൈഗ കേസ്: നാൾവഴി
മാർച്ച് 21 രാത്രി 7.30 തൃക്കുന്നപ്പുഴയിലെ സാനുവിന്റെ അമ്മാവന്റെ മകൻ ഉമേഷിന്റെ വീട്ടിൽ രമ്യയെ വിട്ടശേഷം സാനു വൈഗയുമായി യാത്ര പുറപ്പെടുന്നു. മാർച്ച് 21 രാത്രി 9.30 വൈഗയുമായി സാനു കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തുന്നു. മാർച്ച് 21 രാത്രി 10 മയങ്ങിക്കിടക്കുന്ന അവസ്ഥയിൽ വൈഗയെ ചെറിയ ഷീറ്റിൽ പുതപ്പിച്ച് തോളിൽ എടുത്തുകൊണ്ടുവന്ന് സാനു കാറിൽ ഇരുത്തുന്നു. മാർച്ച് 22 പുലർച്ചെ 1.46 വാളയാർ ടോൾ പ്ളാസയിലൂടെ സാനു കാർ ഡ്രൈവ് ചെയ്ത് കടന്നുപോകുന്നു. മാർച്ച് 22 രാവിലെ 10.30 വൈഗയുടെ മൃതശരീരം മഞ്ഞുമ്മൽ മുട്ടാർ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കണ്ടെത്തുന്നു. ഏപ്രിൽ 10 കർണാടകയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിലെ ബീന റെസിഡൻസിയിൽ മുറിയെടുക്കുന്നു. ഏപ്രിൽ 16 ലോഡ്ജിൽ നിന്ന്കാണാതായി. ഏപ്രിൽ 18 കർണാടകത്തിലെ കാർവാറിൽ നിന്ന് കർണാടക പൊലീസിന്റെ പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |