SignIn
Kerala Kaumudi Online
Saturday, 23 October 2021 11.57 PM IST

ശരിക്കും റോഡാണ് രക്ഷിച്ചത്, വട്ടിയൂർക്കാവിന്റെ മുഖച്ഛായ മാറാൻ ഇനി അധികനാൾ വേണ്ടെന്ന് 'എംഎൽഎ ബ്രോ'

vk-prasanth-mla

തിരുവനന്തപുരം:'ആ റോഡ് റോളറിന് കുറച്ച് സമാധാനം കൊടുക്ക് ബ്രോ...'വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പേജിൽ വന്നൊരു കമന്റാണിത്. മണ്ഡലത്തിലെ 25 റോഡുകളുടെ നിർമ്മാണ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പ്രശാന്ത് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചപോസ്‌റ്റിനായിരുന്നു ഈ കമന്റ്. ഇതിപ്പോ എത്ര റോഡായി എന്ന ചോദ്യങ്ങളും നിരവധി. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രശാന്ത് പറയുന്നു. ശരിക്കും റോഡാണ് തന്നെ രക്ഷിച്ചതെന്നും, എറ്റവും വേഗത്തിൽ ജനങ്ങളുടെ മനസിലേക്കെത്തുന്ന വികസനം എന്നുപറയുന്നത് നല്ല റോഡുകളാണന്നും വികെ പ്രശാന്ത് പറയുമ്പോൾ അത് തള്ളിക്കളയാനുമാകില്ല. എന്നാൽ റോഡുകൾ മാത്രമല്ല വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന പദ്ധതികളാണ് വരുംദിവസങ്ങളിൽ പ്രാവർത്തികമാകാൻ പോകുന്നതെന്ന് പ്രശാന്ത് വ്യക്തമാക്കുന്നു. രണ്ടാം പിണറായി സർക്കാർ നൂറ് ദിവസം പിന്നിടുമ്പോൾ മണ്ഡലത്തിലെ വികസനപദ്ധതികളെ കുറിച്ച് മനസു തുറക്കുകയാണ് 'എംഎൽഎ ബ്രോ'

റോഡാണോ ശരിക്കും രക്ഷിച്ചത്?

ഞാൻ വട്ടിയൂർക്കാവ് മണ്ഡലത്തിലെത്തുമ്പോൾ ഇവിടുത്തെ റോഡുകളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഞങ്ങളുടെ റോഡൊന്ന് ശരിയാക്കി തരണം എന്നതായിരുന്നു ജനങ്ങളുടെ പ്രധാനപരാതി. ഒന്നരവർഷം മാത്രമാണ് ആദ്യം മുന്നിൽ ഉണ്ടായിരുന്നത്. വീണ്ടുമൊരു അവസരം വട്ടിയൂർക്കാവിലെ ജനങ്ങൾ തന്നപ്പോൾ അവരുടെ ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരത്തിന് തന്നെയായിരുന്നു മുൻഗണന. അതാണിപ്പോൾ 126ആമത്തെ റോഡ് നവീകരണത്തിൽ എത്തിനിൽക്കുന്നത്. മണ്ഡലത്തിലാകമാനം ഇതുവരെ 32 കോടിയോളം രൂപയുടെ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച തുകയടക്കം ഇതിന് വിനിയോഗിക്കാൻ കഴിഞ്ഞു. പല റോഡുകളും ബിഎംബിസി നിലവാരത്തിലാണ് പൂർത്തീകരിച്ചിട്ടുള്ളത്.

എറ്റവും വേഗത്തിൽ ജനങ്ങളുടെ മനസിലേക്കെത്തുന്ന വികസനം എന്നുപറയുന്നത് നല്ല റോഡുകളാണല്ലോ? തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും അതുതന്നെ. റോഡാണ് രക്ഷിച്ചതെന്ന് പറയാം.

മേയറായുള്ള അനുഭവ സമ്പത്ത് മുതൽക്കൂട്ടായി മാറിയോ?

തീർച്ചയായും.തിരുവനന്തപുരം മേയർ ആയിരുന്ന അനുഭവ സമ്പത്ത് റോഡ് നിർമ്മാണത്തിൽ ശരിക്കും മുതൽക്കൂട്ടായി. സാധാരണഗതിയിൽ എംഎൽഎമാർ അവരുടെ ഫണ്ട് പിഡബ്ള്യുഡിക്കോ ജില്ലാ പഞ്ചായത്തിനോ കൈമാറുകയാണ് പതിവ്. മുൻ മേയർ എന്ന നിലയിൽ കോർപ്പറേഷനെ കൊണ്ട് വർക്ക് ഞാൻ നേരിട്ട് ചെയ്യിക്കുകയായിരുന്നു. കോർപ്പറേഷനിലെ ഏഴ് എഞ്ചിനീയർമാരുടെ സേവനവും പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞു.

പോകുന്ന സ്ഥലത്തെ റോഡുകൾ പൊളിഞ്ഞുകിടക്കുന്നവയാണെങ്കിൽ ഉടൻ തന്നെ നികത്തിക്കും. ഫണ്ട് കിട്ടുന്നതിന് മുന്നോടിയായി തന്നെ പരിഹരിക്കേണ്ട റോഡുകളുടെ പട്ടിക തയ്യാറായിരിക്കും. ഇത്രയും ഫണ്ട് കിട്ടാനുള്ള കാരണവും അതുതന്നെയാണ്. മറ്റുള്ളവർ ആലോചിച്ച് വരുമ്പോഴേക്കും നമ്മൾ പ്രവർത്തിച്ച് തുടങ്ങിയിരിക്കും. ‌

vk-prasanth-mla

'ടാറിട്ട റോഡും ടാറിടുന്ന എംഎൽഎ' എന്ന കളിയാക്കലുകളോട് എങ്ങനെ പ്രതികരിക്കുന്നു?

അതൊക്കെ സോഷ്യൽ മീഡിയയിലൂടെയുള്ള കമന്റുകൾ മാത്രമാണ്. മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഒരു തരത്തിലുള്ള രാഷ്‌ട്രീയവും എംഎൽഎ എന്ന നിലയിൽ ഞാൻ നോക്കാറില്ല. ബിജെപിക്കാരും, കോൺഗ്രസുകാരും കൗൺസിലർമാരായ വാർഡുകളിലെ റോഡുകളിലും വർക്കുകൾക്ക് മുടക്കം വരുത്തിയിട്ടില്ല. നമുക്ക് ലഭിക്കുന്ന നിവേദനങ്ങൾക്ക് അനുസൃതമായാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുക. അടുത്ത രണ്ട് കൊല്ലം കൊണ്ട് വട്ടിയൂർക്കാവിലെ മുഴുവൻ റോഡുകളും ടാർ ചെയ്യുമെന്നത് മണ്‌ഡലത്തിലെ ജനങ്ങൾക്ക് ഞാൻ നൽകിയ തിരഞ്ഞെടുപ്പ് വാഗ്‌ദ്ധാനമാണ്.

വട്ടിയൂർക്കാവിന്റെ വികസനം എന്ന് യാഥാർത്ഥ്യമാകും?

പതിറ്റാണ്ടുകളായി വട്ടിയൂർക്കാവ് നിവാസികൾ കാത്തിരിക്കുന്ന വട്ടിയൂർക്കാവ് വികസനം അധികം വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഉപതിരഞ്ഞെടുപ്പ് സമയത്താണ് കിഫ്‌ബിയിൽ നിന്ന് ഫണ്ട് അനുവദിപ്പിക്കാനും ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങി വയ‌്ക്കാനും സാധിച്ചത്. ലാൻഡ് അക്വിസിഷൻ ആക്‌ട് അനുസരിച്ച് നടപടികൾക്ക് നിശ്ചിതസമയ പരിധിയുണ്ട്. നിരവധി പ്രോസസുകൾക്ക് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കലിലേക്ക് കടക്കാൻ കഴിയൂ. അത് വളരെ വേഗത്തിൽ നടന്നുവരികയാണ്. അടുത്തയാഴ്‌ച 11(1) നോട്ടിഫിക്കേഷൻ പുറത്തിറക്കും. ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണത്. തുടർന്ന് സ്ഥലം അളക്കൽ, വില നിശ്ചയം, ഉടമസ്ഥർക്ക് നോട്ടീസ് നൽകൽ തുടങ്ങിയ നടപടികളിലേക്ക് കടക്കും. ഈ വർഷം കൊണ്ടുതന്നെ സാങ്കേതികമായ കാര്യങ്ങൾ പൂർത്തിയാക്കി അടുത്തവർഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാസ്തമംഗലത്തു നിന്നും വട്ടിയൂർക്കാവ് ജംഗ്ഷൻ വഴി പേരൂർക്കടയിലേക്കും മറ്റൊന്ന് വഴയിലയിലേക്കും പോകുന്ന പത്തേമുക്കാൽ കിലോമീറ്റർ ദൂരമാണ് വട്ടിയൂർക്കാവ് ജംഗ്‌ക്ഷൻ വികസനം. കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെ.ആർ.എഫ്.ബി) നിർമ്മാണ ചുമതല. വിവിധഘട്ടങ്ങളായി വിഭാവനം ചെയ‌്തിരിക്കുന്ന പദ്ധതിയിൽ ആദ്യം പൂർത്തിയാവുക ശാസ്തമംഗലം- മണ്ണറക്കോണം ഭാഗമാണ്. നിലവിലുള്ള വീതിയിൽ നിന്നും 18.5 മീറ്റർ ആയി വർദ്ധിപ്പിച്ച് രണ്ട് വരിപ്പാതയായാണ് നിർമ്മാണം. ഇരുവശത്തുമായി നടപ്പാത, സെൻട്രൽ മീഡിയൻ എന്നിവയോടു കൂടി തിരുവനന്തപുരത്തിന്റെ മാതൃകാ റോഡായി വട്ടിയൂർക്കാവിലേത് മാറും.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരുടെ പുനരധിവാസത്തിന് വട്ടിയൂർക്കാവ് ജംഗ്ക്ഷനിൽ തന്നെ മൂന്നേക്കർ സ്ഥലം ഏറ്റെടുക്കും. അവിടെ കൊമേർഷ്യൽ കോംപ്ളക്‌സ് നിർമ്മിച്ച് അവർക്ക് സൗകര്യമൊരുക്കും. ട്രിഡയ‌്ക്കാണ് പദ്ധതിയുടെ ചുമതല. സ്ഥലമേറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. വീട് നഷ്‌ടപ്പെടുന്നവർക്ക് പരമാവധി നഷ്‌ടം നികത്തുന്ന തരത്തിലുള്ള മികച്ച പാക്കേജാണ് സർക്കാരിൽ നിന്നും ലഭ്യമാക്കാൻ ശ്രമിക്കുന്നത്.

vk-prasanth-mla

മറ്റു പ്രധാന പദ്ധതികൾ?

വട്ടിയൂർക്കാവ് ജംഗ്ഷൻ പോലെ തന്നെ മാറ്റം വരേണ്ട മറ്റൊരു പ്രദേശമാണ് പേരൂർക്കട. കാലങ്ങളായുള്ള പേരൂർക്കടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ഒരു മേൽപ്പാലം യാഥാർത്ഥ്യമാകാൻ പോവുകയാണ്. 106 കോടിയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന മേൽപ്പാലത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കൽ പ്രക്രിയകൾ നടന്നുവരുന്നു. പട്ടം മേൽപ്പാലത്തിനുള്ള നടപടികളും പുരോഗമിക്കുന്നു.

ജനറൽ ആശുപത്രി നവീകരിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായിക്കഴിഞ്ഞു. 138 കോടിയുടെ പ്രോജക്‌ടിൽ ഹെറിറ്റേജ് വാല്യൂവുള്ള പ്രധാനകെട്ടിടത്തെ സംരക്ഷിച്ചുകൊണ്ട് മറ്റുള്ളവയെല്ലാം പൊളിച്ചു പണിയും. ഒപി, ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങി കാന്റീൻ അടക്കമുള്ള മറ്റു സംവിധാനങ്ങളെല്ലാം അടങ്ങുന്നതാണ് പുതിയ കെട്ടിട സമുച്ചയം.

എന്താണ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ്?

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുക എന്നതിനൊപ്പം അവരെ സംരംഭകർ ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടു കൂടിയാണ് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് രൂപീകരിച്ചത്. പരിസ്ഥിതി സംരക്ഷണം, ജൈവ കൃഷി, ഇ കൊമേഴ്‌സ്, ഐടി, മീഡിയ, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് യൂത്ത് ബ്രിഗേഡിന്റെ പ്രവർത്തനം. സഹകരണ സംഘമായി രൂപാന്തരം പ്രാപിച്ചിട്ടുള്ള യൂത്ത് ബ്രിഗേഡിൽ നിലവിൽ നൂറോളം അംഗങ്ങളുണ്ട്. സെപ്‌തംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിക്കും.

vk-prasanth-mla

തിരു. കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ മുൻ മേയർ എന്ന നിലയിൽ എങ്ങനെ വിലയിരുത്തുന്നു?

ഏതൊരു പുതിയ ഭരണസമിതിക്കും കാര്യങ്ങൾ മനസിലാക്കി വരുന്നതിന് കുറച്ച് സമയം ആവശ്യമാണ്. ഞാൻ മേയർ ആയി എത്തിയപ്പോഴും തിരുവനന്തപുരം കോർപ്പറേഷനിലെ കാര്യങ്ങൾ ആകെ പ്രശ്നമായിരുന്നു. അതെല്ലാം മറികടന്ന് കാര്യക്ഷമമായി പ്രവർത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇപ്പോഴത്തെ മേയർക്കും അതിന് കഴിയുമെന്നുതന്നെയാണ് വിശ്വാസം. കൃത്യമായ ഹോം വർക്ക് ഞങ്ങൾക്കുണ്ടായിരുന്നു; പ്രത്യേകിച്ച് നഗരത്തിലെ മാലിന്യ നി‌ർമാർജനത്തിന്റെ കാര്യത്തിൽ.

വീടുകളിൽ നിന്നും മാലിന്യം നേരിട്ടെത്തി ശേഖരിക്കുന്ന പദ്ധതി നഗരസഭ ആസൂത്രണം ചെയ്യുന്നതായി അറിയുന്നു. അത് നല്ലൊരു തീരുമാനമായിട്ട് തോന്നുന്നില്ല. വിളപ്പിൽശാല ഒരു കാലത്ത് മാലിന്യ കൂമ്പാരമായി മാറിയത് ഇത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചുള്ള നിർമാർജനമാകണം നഗരവാസികളെ ശീലിപ്പിക്കേണ്ടത്.നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാണ്.

vk-prasanth-mla

പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ എംഎൽഎ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു എന്നൊരു ആരോപണം പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ചിരുന്നു?

അതൊന്നും ശരിയായ കാര്യങ്ങളല്ല. വാർഡുകളിൽ വാക്‌സിൻ വിതരണം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല കൗൺസിലർമാർക്കാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഏറ്റവും വലിയ കോളനിയായ കാഞ്ഞിരംപാറ കോളനിയിൽ വാക്‌സിൻ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നപ്പോൾ എംഎൽഎ എന്ന നിലയിൽ ഇടപെടേണ്ടി വന്നു. ഇത്തരം പരാതികൾ യുഡിഎഫ്, ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ നിന്നും വരുമ്പോഴും കൃത്യമായി തന്നെ ഇടപെടാറുണ്ട്.

vk-prasanth-mla

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ഉയർന്നുകേട്ടിരുന്ന പേരാണ് വികെ പ്രശാന്തിന്റെത്. ചർച്ചകൾ നടന്നിരുന്നോ?

ലഭിക്കേണ്ട സ്ഥാനങ്ങൾ സമയമാകുമ്പോൾ നമ്മളെ തേടി വരുമെന്നാണ് എന്റെ വിശ്വാസം. ഒട്ടും പ്രതീക്ഷിക്കാതെയാണ് മേയർ പദവിയിലേക്കെത്തിയത്. 32ആമത്തെ വയസിലാണ് എന്റെ പ്രസ്ഥാനം ആ ചുമതല എന്നെ ഏൽപ്പിച്ചത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലല്ലോ നമ്മൾ പ്രവർത്തിക്കുന്നത്. പാർട്ടിയേൽപ്പിക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. എംഎൽഎ സ്ഥാനവും അതുപോലെ തന്നെയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VK PRASANTH MLA, VK PRASANTH INTERVIEW, VATTIYOORKAVU DEVELOPMENT, MAYOR BRO, MLA BRO
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.