കാബൂൾ : അന്താരാഷ്ട്ര സർവീസിന് കാബൂൾ വിമാനത്താവളം പൂർണ സജ്ജമാണെന്ന് താലിബാൻ അറിയിച്ചതിന് പിന്നാലെ ഇസ്ലാമാബാദിൽ നിന്ന് കാബൂളിലേക്ക് സർവീസ് നടത്താൻ അഫ്ഗാൻ വിമാനത്തിന് അനുമതി നൽകി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.അഫ്ഗാനിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ കാംഎയറിന്റെ മൂന്ന് പ്രതിവാര വിമാന സർവീസുകൾ ഇനി മുതൽ പാകിസ്ഥാനിൽ നിന്നുണ്ടാകും. താലിബാൻ അഫ്ഗാനിൽ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് അഫ്ഗാൻ വിമാനങ്ങൾ അന്താരാഷ്ട്ര സർവീസ് പുനരാരംഭിക്കുന്നത്. നിലവിൽ കാംഎയറിന് മാത്രമാണ് അഫ്ഗാനിൽ സർവീസ് നടത്താൻ അനുമതി. യാത്രക്കാർ കുറവായതിനാൽ ആദ്യം ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുമെന്നും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ച് വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്നും പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ച ശേഷം സെപ്റ്റംബർ 13ന് പാക് വിമാനങ്ങൾ കാബൂളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |