തന്നെ എഴുതി തള്ളിയവരെയെല്ലാം ഞെട്ടിച്ച് ഐ.പി.എൽ പതിന്നാലാം സീസണിൽ മിന്നിത്തിളങ്ങുകയാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനും മലയാളി താരവുമായ സഞ്ജു സാംസൺ. ദൈവം കൊടുത്ത കഴിവുകൾ വെറുതേ പാഴാക്കുകയാണെന്ന് വിമർശിച്ച സുനിൽ ഗാവസ്കർക്ക് ഇതുപറഞ്ഞതിന്റെ തൊട്ടടുത്ത ദിനങ്ങളിൽ തുടരെ രണ്ട് അർദ്ധ സെഞ്ചുറികളുമായി ഐ.പി.എൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പ് തലയിൽ വച്ചാണ് സഞ്ജു മറുപടി നൽകിയത്. അസ്ഥിരതയുടെ തമ്പുരാൻ എന്ന് വിളിച്ച് ആക്ഷേപിച്ചവരെക്കൊണ്ട് സ്ഥിരതയുടെ അപ്പോസ്തലൻ എന്ന് തിരുത്തിപ്പറയിച്ചു ഈ തിരുവനന്തപുരംകാരൻ. സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി ട്വന്റി-20 ലോകകപ്പിന്റെ റിസർവ് ടീമിൽ പോലും ഉൾപ്പെടുത്താതെ മാറ്റി നിറുത്തപ്പെട്ട സഞ്ജുവിന്റെ പ്രകടനം സെലക്ടർമാരെപ്പോലും ഞെട്ടിച്ചിട്ടുണ്ടാകാം. ക്യാപ്ടനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും സഞ്ജു കാണിക്കുന്ന മികവിന് കൈയടിക്കുകയാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ള നിരൂപകർ. ക്യാപ്ടൻ സി ഒരിക്കലും സഞ്ജുവിന് ഭാരായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനം സൂചിപ്പിക്കുന്നു.
ബാറ്രിംഗ് ശൈലയിൽ വരുത്തിയ മാറ്റമാണ് സ്ഥിരത കണ്ടെത്താൻ അദ്ദേഹത്തിന് സഹായമായത്. വരുന്ന ബോളിലെല്ലാം വമ്പനടിക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ തുടങ്ങി കൃത്യമായ ഷോട്ട് സെലക്ഷനുകൾ നടത്തി ഇന്നിംഗ്സ് കെട്ടിപ്പെടുക്കുന്ന സഞ്ജുവിന്റെ സമീപനത്തിലും ശൈലയിലും വന്ന മാറ്രങ്ങൾക്ക് പിന്നിൽ റോയൽസ് കോച്ച് കുമാർ സംഗക്കാരയുടെ വലിയ സ്വാധീനം ഉണ്ട്. രാജസ്ഥാന്റെ നെടും തൂണായ സഞ്ജുവിന് പിന്തുണ നൽകാൻ ഒരു താരത്തിന് പോലും കഴിയാതെ വരുന്നതിനാലാണ് പലപ്പോഴും അദ്ദേഹം തിളങ്ങിയിട്ടും ടീം തോൽക്കുന്നത്.
ഇത്തവണ 11 മത്സരങ്ങളിൽ നിന്നായി 50.22 ശരാശരിയിൽ 452 റൺസ് നേടിക്കഴിഞ്ഞു സഞ്ജു. നിലവിൽ ഓറഞ്ച് ക്യാപ്പ് കൈയിലുള്ള ഡൽഹിയുടെ ശിഖർ ധവാനുമായി 2 റൺസിന്റെ മാത്രം വ്യത്യാസമേ സഞ്ജുവിനുള്ളൂ. ശാരാശരിയിൽ ധവാനെക്കാൾ മുകളിലാണ് സഞ്ജു.
ഈ സീസണിൽ കളിച്ച 11 മത്സരങ്ങളിൽ ഏഴിലും തോറ്ര രാജസ്ഥാൻ 8 പോയിന്റുമായി 7-ാം സ്താനത്താണ്. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് എന്ന മോഹം നിലനിറുത്താൻ രാജസ്ഥാനാകൂ. മദ്ധ്യനിര അമ്പേ പരാജയമായ പരിചയസമ്പന്നർ വളരെക്കകുറഞ്ഞ ഈ ടീമിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും അദ്ഭുതങ്ങൾക്ക് സാദ്ധ്യത ഇനിയുമുണ്ടെന്നുമാണ് ബാംഗ്ലൂരിനെതിരായ തോൽവിക്ക് ശേഷം സഞ്ജു അഭിപ്രായപ്പെട്ടത്.
എവിൻ ലൂയിസിനേയും ജയിസ്വാളിനേയും മുസ്തഫിസുറിനേയും പോലെ ബാക്കിയുള്ളവരും താളം കണ്ടെടുത്താൽ രാജസ്ഥാന്റെ പ്രതീക്ഷകൾ പൂവണിയും.സഞ്ജുവിന്റേയും.
അവസരം കിട്ടുമോ
ഇന്ത്യൻ ടീമിൽ അവസരം നൽകിയപ്പോഴെല്ലാം പ്രതിഭയ്ക്കൊത്ത പ്രകടനവും സ്ഥിരതയും പുറത്തെടുക്കാതിരുന്നതിനാലാണ് സഞ്ജുവിനെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞിടെ നടന്ന ശ്രീലങ്കൻ പര്യടനത്തിലും നിരാശപ്പെടുത്തി. എന്നാൽ ഇഷാൻ കിഷനും, സൂര്യകുമാർ യാദവുമെല്ലാം കിട്ടിയ അവസരം കൃത്യമായി മുതലാക്കി ലോകകപ്പ് സ്ക്വാഡിൽ ഇടം നേടി.
പക്ഷേ ഐ.പി.എൽ പുനരാരംഭിച്ചപ്പോൾ ഇഷാനും സൂര്യയും പന്തുമെല്ലാം ഫോം ഔട്ടായ കാഴ്ചയാണ് നമ്മൾ കണ്ടത്. ഇത് ഇന്ത്യൻ ടീം മാനേജ്മെന്റിനും തലവേദനയായിരിക്കുകയാണ്. ഇവർ താളം കണ്ടെത്തിയില്ലെങ്കിൽ ലോകകപ്പിൽ ഇന്ത്യയ്ക്കത് വലിയ തിരിച്ചടിയായിരിക്കും.
നിലവിലെ സാഹചര്യത്തിൽ പരിക്കോ മറ്രെന്തിങ്കിലും കാരണങ്ങളാലോ ഇന്ത്യൻ ടീമിൽ മാറ്രം വരുത്തിയാൽ സഞ്ജുവിന് പ്രഥമ പരിഗണന ലഭിക്കാൻ സാദ്ധ്യത വളരെക്കൂടുതലാണ്. പ്രത്യേകിച്ച് ലോകകപ്പ് വേദിയായ ഗൾഫിൽ നിലവിൽ നടക്കുന്ന ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ.ടീമിൽ മാറ്രം വരുത്താൻ ഇനിയും സമയമുണ്ട്.
ഞാനും സഞ്ജുവും എല്ലാക്കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. ലോകകപ്പിന് ഇനിയും സമയമുണ്ട്. അതിനാൽ തന്നെ ഐ.പി.എല്ലിനെക്കുറിച്ചാണ് പ്രധാനമായും ഇപ്പോൾ ഞങ്ങൾ സംസാരിക്കുന്നത്. ബാറ്രിംഗിനെക്കുറിച്ചും ക്യാപ്ടൻ സിയെക്കുറിച്ചും ചർച്ച ചെയ്യാറുണ്ട്.സവിശേഷമായ പ്രതിഭയുള്ള താരമാണ്. ഇന്ത്യയ്ക്കായി കളിക്കാൻ അവൻ വളരെ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോൾ അവൻ സ്ഥിരത കൈവരിച്ചു കഴിഞ്ഞു. അധിക നാൾ സഞ്ജുവിനെ മാറ്രിനിറുത്താൻ ആകില്ല. എത് സമയത്തും ഇന്ത്യൻ ടീമിൽനിന്ന് വിളിയെത്തിയേക്കാം. ഇനിയവസരം ലഭിച്ചാൽ അവൻ ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിക്കുമെന്ന് തന്നെ കരുതുന്നു.
കുമാർ സംഗക്കാര
രാജസ്ഥാൻ കോച്ച്
സഞ്ജു ഈ സീസണിൽ
മത്സരം
11
റൺസ്
452ന് പ്രതീക്ഷ
ശരാശരി
50.22
നേരിട്ട ബാൾ
320
സ്ട്രൈക്ക് റേറ്റ്
141.25
സെഞ്ചുറി
1
അർദ്ധ സെഞ്ചുറി
2
ഉയർന്ന സ്കോർ
119
ഫോർ
41
സിക്സ്
17
നോട്ടൗട്ട്
2
ക്യച്ച്
7
സ്റ്റമ്പിംഗ്
2
ഐ.പി.എൽ കരിയർ
മത്സരം-118
റൺസ് -3036
നേരിട്ടബാൾ -2252
ഉയർന്ന സ്കോർ 119
ആവറേജ് -29.76
സ്ട്രൈക്ക് റേറ്ര് -134.81
സെഞ്ചുറി -3
അർദ്ധ സെഞ്ചുറി -15
ഫോർ -232
സിക്സ് - 132
ക്യാച്ച് - 59
സ്റ്റമ്പിംഗ് -8
നോട്ടൗട്ട് - 12