വൈപ്പിൻ: സംസ്ഥാനപാതയിൽ നായരമ്പലം വെളിയത്താംപറമ്പിൽ ശനിയാഴ്ച രാത്രിയിലുണ്ടായ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എടവനക്കാട് 11-ാം വാർഡിൽ പഴങ്ങാട്ടുതറ സത്യന്റെ മകൻ സോണിഷ് (23), എടവനക്കാട് ചാത്തൻതറ കൈലാസന്റെ മകൻ കലേഷ് (23) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ നൗഫൽ (23), അഖിൽ (24) എന്നിവരാണ് പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
എഫ്.എ.സി.ടി കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്ന യുവാക്കൾ രാത്രി എറണാകുളത്തുനിന്ന് വീട്ടിലേക്ക് കാറിൽ വരുമ്പോൾ പതിനൊന്നേ മുക്കാലോടെയാണ് അപകടം. ബൈക്കിനെ ഓവർടേക്ക് ചെയ്ത കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. അടുത്തുള്ള മിൽമ ബൂത്തിൽ ഇടിച്ചാണ് കാർ നിന്നത്. ബൈക്ക് യാത്രികനായ വിശ്വനാഥനും പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കലേഷാണ് കാർ ഓടിച്ചിരുന്നത്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ സംസ്‌കരിച്ചു. സോനിഷിന്റെ മാതാവ്: മണി. സഹോദരൻ: സനീഷ്. കലേഷിന്റെ മാതാവ്: ബിന്ദു. സഹോദരി: ആര്യ.