SignIn
Kerala Kaumudi Online
Friday, 10 May 2024 11.30 PM IST

സ്കൂളിലേക്ക് ആനവണ്ടി; സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക

ksrtc-concession

പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തിൽ തുറക്കുന്ന സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാൻ കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ച സ്റ്റുഡൻസ് ബോണ്ട് സർവീസുകൾക്ക് ആവശ്യക്കാരേറെ. ജില്ലയിൽ ബസുകൾക്ക് അപേക്ഷ നൽകിയിരിക്കുന്ന സ്കൂളുകൾ നിരവധിയാണ്. നാല് ബസുകൾ വരെ ചോദിച്ച സ്കൂളുകളുണ്ട്. അപേക്ഷകൾ കൂടാനാണ് സാദ്ധ്യത. കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവല്ല ഡിപ്പോയിലാണ്, 14. അടൂരിൽ 11ഉും പത്തനംതിട്ടയിൽ ആറും അപേക്ഷകൾ ലഭിച്ചു. എല്ലാവർക്കും നൽകാൻ ജില്ലയിൽ ആവശ്യത്തിന് ബസുകളില്ല. യാത്രാ സർവീസുകൾ നടത്തുന്ന ബസുകൾ സ്കൂളുകൾക്ക് നൽകിയാൽ യാത്രാക്ളേശം രൂക്ഷമാകും. സ്പെയർ ബസുകൾ ജില്ലയിൽ കുറവാണ്. ഒരു ഡിപ്പോയിൽ രണ്ടോമൂന്നോ ബസുകൾ കാണും. ഏതെങ്കിലും യാത്രാ ബസുകൾക്ക് തകരാർ പറ്റിയാൽ പകരം അയക്കാനുള്ളതാണ് ഇത്. ചില ഡിപ്പോകളിൽ സർവീസ് നടത്താനുള്ള ബസുകൾ മാത്രമേയുള്ളൂ.

സ്കൂൾ ഔദ്യോഗികമായി തുറക്കുന്നത് നവംബർ ഒന്നിനാണ്. മൂന്നാം തീയതി മുതലാണ് കൂടുതൽ ബസുകൾ വേണ്ടിവരിക. ചിലർ എട്ടാം തീയതി മുതൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് യാത്ര ചെയ്യാൻ മാത്രമാണ് ബസുകൾ നൽകുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ വണ്ടിയോടിക്കും. ഒരു കണ്ടക്ടറും ബസിലുണ്ടാകും. സ്കൂളിൽ നിന്ന് ഒരു അദ്ധ്യാപകനോ ജീവനക്കാരനോ ബസിലുണ്ടാകണം. ബസിന് ഡീസൽ നിറയ്ക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും കെ.എസ്.ആർ.ടി.സിയുടെ ചെലവിലാണ്.

പരമാവധി 20കിലോമീറ്റർ ചുറ്റളവിലാണ് ബസ് ഓടിക്കേണ്ടിവരികയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. ഒരു ബസിന് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചീഫ് ഓഫീസിൽ നിന്ന് നിർദേശം ലഭിച്ചിട്ടില്ല. അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. ദൂരം പരിഗണിച്ചാകും ചാർജ് ഈടാക്കുന്നത്.

സ്കൂളുകൾക്ക് പ്രയോജനം

കെ.എസ്.ആർ.ടി.സി സ്റ്റുഡൻസ് ബോണ്ട് സർവീസുകൾ സ്കൂളുകൾക്ക് പ്രയോജനകരമാണ്. ഡീസലിന്റെയും അറ്റകുറ്റപ്പണികളുടെയും ചെലവ് കുറയും. ബസുകൾക്കുള്ള വാടക മാത്രം അടച്ചാൽ മതി. എന്നാൽ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക സ്കൂൾബസുകളിലെ ഡ്രൈവർമാർക്കും ക്ളീനർമാർക്കുമുണ്ട്.

താൽക്കാലിക സംവിധാനം

കൊവിഡ് പശ്ചാത്തലത്തിലാണ് സ്കൂളുകൾക്ക് കെ.എസ്.ആർ.ടി.സി ബസുകൾ നൽകുന്നത്. സ്കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേ യാത്ര ചെയ്യാവൂ എന്ന് കർശന നിർദേശമുണ്ട്. ഈ നിയന്ത്രണങ്ങൾ നീക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ പിൻവലിക്കും.

''സ്കൂളുകളിലേക്കുള്ള ബസുകൾ പ്രത്യേകം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ.എസ്.ആർ.ടി.സി അധികൃതർ, പത്തനംതിട്ട.

സ്റ്റുഡൻസ് ബോണ്ട് സർവീസുകൾക്കായി ജില്ലയിലെ ഡിപ്പോകളിൽ ഇതുവരെ ലഭിച്ച അപേക്ഷകൾ : 38

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.