തലാസീമിയ രോഗികൾ സംസ്ഥാനത്ത് -2000
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ സമാശ്വാസം പദ്ധതിയിൽ തലാസീമിയ രോഗികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ശരിയായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് ഉത്തരവ് നൽകി. കേന്ദ്രസാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ കെ.വി.എസ്. റാവു സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജനക്ക് അയച്ച ഉത്തരവിൽ ഇത് സംബന്ധിച്ച് എടുത്ത നടപടി പരാതിക്കാരനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ രക്തജന്യ രോഗികൾക്ക് വർഷങ്ങളായി നൽകി വരുന്ന സമാശ്വാസം പദ്ധതി പ്രകാരമുള്ള ആനുകൂല്യം ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുന്ന തലാസീമിയ രോഗികൾക്കും അനുവദിച്ച് കിട്ടാൻ സഹായമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗഹ് ലോട്ടിന് നൽകിയ നിവേദനത്തിന്റെ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാരിനും സാമൂഹ്യ നീതി വകുപ്പിനും പല തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് കൗൺസിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചത്. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പിന്റെ മനുഷ്യത്വ പൂർണ്ണമായ നടപടിയെ കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു.
ബോധപൂർവ്വം പടിക്ക് പുറത്താക്കി
മാരക രക്തജന്യ രോഗികൾക്കായുള്ള ഈ ആനുകൂല്യത്തിന് ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ മാത്രം ഉൾപ്പെടുത്തിയപ്പോൾ തലാസീമിയ രോഗികളെ ബോധപൂർവം ഒഴിവാക്കുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ 2016 ലെ ഭിന്നശേഷി ആക്ട് പ്രകാരം ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളോടൊപ്പം തലാസീമിയ രോഗികളും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. എന്നിട്ടും മനുഷ്യത്വരഹിതമായ വിവേചനം ദയനീയ സാഹചര്യത്തെ നേരിടുന്ന ഈ രോഗികളോട് കാണിച്ചിരിക്കുകയാണ്. ഭാരിച്ച ചികിത്സാ ചെലവും അടിക്കടിയുള്ള ആശുപത്രിവാസവും ഈ രണ്ടാഴ്ച കൂടുമ്പോഴുള്ള ജീവരക്തത്തിനായുള്ള അലച്ചിലും തീരെ ചുരുങ്ങിയ ആയുർദൈർഘ്യവുമൊക്കെ പരിഗണിക്കുമ്പോൾ ഒരു ജനകീയ ജനാധിപത്യ സംവിധാനത്തിൽ മനുഷ്യഷ്യത്വമുള്ള ഒരു സർക്കാരിനും സ്വീകരിക്കാനാവാത്ത കടുത്ത നിലപാടാണ് നിസ്സഹായരായ തങ്ങളോട് പുലർത്തിപ്പോകുന്നതെന്നാണ് ഇവരുടെ ആക്ഷേപം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ തലാസീമിയ രോഗികൾക്ക് നീതി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
കരീം കാരശ്ശേരി,സംസ്ഥാന ജനറൽ കൺവീനർ,ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ , കേരള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |