ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഗ്രൂപ്പ് 1ൽ ഇന്ന് ഫൈനൽ പോരാട്ടങ്ങൾ. ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ആസ്ട്രേലിയ വെസ്റ്റിൻഡീസിനേയും ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയേയും നേരിടും.
ഷാർജയിൽ വൈകിട്ട് 3.30 മുതലാണ് ആസ്ട്രേലിയയും വിൻഡീസും തമ്മിലുള്ള മത്സരം. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം രാത്രി 7.30 മുതൽ അബുദാബിയിൽ ആരംഭിക്കും.
സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ട്.
കളിച്ച നാല് മത്സരങ്ങളും ജയിച്ച് നെറ്റ് റൺറേറ്റിലും ഏറെ മുന്നിലുള്ള ഇംഗ്ലണ്ട് സെമി ഉറപ്പിച്ചെന്ന് തന്നെ പറയാം. വലിയ അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ അവർ പിന്തള്ളപ്പെടുള്ളൂ.
കളിച്ച നാല് മത്സരങ്ങളിൽ മൂന്നെണ്ണം ജയിച്ച് ആറ് പോയിന്റ് വീതമുള്ള ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും തമ്മിലാണ് സെമി സ്പോട്ടിനായുള്ള പ്രധാന പോരാട്ടം. നെറ്റ് റൺറേറ്റ് അനുസരിച്ച് ആസ്ട്രേലിയ ഗ്രൂപ്പിൽ രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.
കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ വെറും 72 റൺസിൽ ഒതുക്കി 8 വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഓസീസ് നിലവിൽ പുറത്തായിക്കഴിഞ്ഞ വിൻഡീസിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ്.
ഇംഗ്ലണ്ടിനെ വലിയ മാർജിനിൽ കീഴടക്കാനാണ് ദക്ഷിണാഫ്രിക്കൻ പടയൊരുക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |